ന്യൂഡല്‍ഹി: ഇന്ത്യന്‍ വാഹന വിപണിയില്‍ വന്‍ കുതിച്ചു ചാട്ടത്തിനൊരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്. നിലവില്‍ വാഹന പ്രേമികളുടെ ഇഷ്ട വാഹനമായ റോയല്‍ എന്‍ഫീല്‍ഡ് ഇലക്ട്രിക് ബൈക്കുകളുടെ വിഭാഗത്തിലേക്ക് ചുവടു മാറ്റാനാണ് തയ്യാറെടുക്കുന്നത്. ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് സിഇഒ വിനോദ് ദസാരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ കുറച്ച് നാളുകളായി വാഹന വ്യവസായത്തില്‍ ചെറിയ തോതില്‍ മാന്ദ്യമനുഭവപ്പെട്ടിരുന്നു. എന്നാല്‍ ഈ അവസ്ഥ അവസാനിച്ചെന്നും റോയല്‍ എന്‍ഫീല്‍ഡ് വില്‍പ്പനയില്‍ വര്‍ദ്ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാന്ദ്യത്തിനിടയിലും കമ്പനിയുടെ മൂലധനച്ചെലവ് വെട്ടിക്കുറച്ചിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ വാഹനങ്ങളെക്കുറിച്ചും സൂചന നല്‍കി.
തണ്ടര്‍ബേഡിന്റെയും ക്ലാസിക്ക് 350യുടെയും ബിഎസ്6 ശ്രേണിയില്‍ ഉള്‍പ്പെടുന്ന ഏറ്റവും പുതിയ മോഡലുകള്‍ പുറത്തിറക്കാനാണ് റോയല്‍ എന്‍ഫീല്‍ഡ് ലക്ഷ്യമിടുന്നത്. ഇതിനു പുറമെ ഇലക്ട്രിക് ബൈക്കുകളുടെ നിര്‍മ്മാണവും അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ആരംഭിക്കുമെന്ന് സിഇഒ അറിയിച്ചു.















