തെലങ്കാന: കൂട്ട മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ കുടുംബത്തിന് നീതി ലഭിക്കുമെന്ന് തെലങ്കാന ഗവര്‍ണര്‍ തമിഴ്‌സായി സൗന്ദരരാജന്‍. സംഭവത്തില്‍ പ്രതികള്‍ക്കെതിരെ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കണമെന്ന് പോലീസിനോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. കേസ് അതിവേഗ കോടതി പരിഗണിക്കുമെന്നും ഗവര്‍ണര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം ഡോക്ടറുടെ വീട് സന്ദര്‍ശിച്ചതിനു ശേഷമാണ് ഗവര്‍ണര്‍ ഇക്കാര്യം പറഞ്ഞത്. കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ കുടുംബത്തോടൊപ്പം അരമണിക്കൂറോളം ചിലവഴിച്ച അദ്ദേഹം പൊട്ടിക്കരഞ്ഞ ഡോക്ടറുടെ അമ്മയെ ആശ്വസിപ്പിക്കുകയും ചെയ്തു.
സംഭവം വളരെ ദാരുണവും ഞെട്ടിക്കുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് പെണ്‍കുട്ടികള്‍ സുരക്ഷിതരല്ലെന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. സംഭവം പെണ്‍കുട്ടികളുടേയും സ്ത്രീകളുടേയും മനോവീര്യത്തെ ബാധിച്ചതായും സംസ്ഥാനത്ത് സ്ത്രീകളുടെ സുരക്ഷിതത്വം വര്‍ദ്ധിപ്പിക്കാനുള്ള നടപടികൾ ശക്തമാക്കുമെന്നും ഗവര്‍ണര്‍ അറിയിച്ചു.
സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷ, കേസ് വിചാരണ ചെയ്യുന്നതിനായി അതിവേഗ കോടതി രൂപീകരിക്കുക, പോലീസിന്റെ നടപടികളിലെ അപാകതകള്‍ കണ്ടെത്തി ശരിയാക്കുക, സ്ത്രീകള്‍ക്ക് കൂടുതല്‍ സുരക്ഷാ നടപടികള്‍ നടപ്പിലാക്കുക, പതിവായി ബോധവത്ക്കരണം നടപ്പാക്കുക തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയാതായി ഗവര്‍ണര്‍ അറിയിച്ചു.
ബംഗളൂരു-ഹൈദരബാദ് ദേശീയപാതയ്‌ക്ക് സമീപം രംഗറെഡ്ഡി ജില്ലയിലെ ഷംഷാബാദിലുള്ള ടോള്‍ബൂത്തിന് സമീപമാണ് 26-കാരിയായ മൃഗ ഡോക്ടറെ നാലു പേര്‍ ചേര്‍ന്ന് മാനഭംഗപ്പെടുത്തി ചുട്ടുകൊന്നത്. ലോറി ഡ്രൈവറായ മുഹമ്മദ് ആരിഫ്, ജോളു നവീന്‍,ചെന്ന കേശവുലു, ജോളു ശിവ എന്നിവര്‍ ചേര്‍ന്നാണ് യുവതിയെ ആക്രമിച്ചത്. പ്രതികളെല്ലാം 30 വയസ്സില്‍ താഴെയുള്ളവരാണ്. സിസിടിവി ദൃശ്യങ്ങള്‍, സാക്ഷിമൊഴി എന്നിവയുടെ അടിസ്ഥാനത്തില്‍ പ്രതികളെയെല്ലാം കഴിഞ്ഞ ദിവസം തന്നെ പോലീസ് പിടികൂടിയിരുന്നു.
അതേസമയം, ഡോക്ടറെ കാണാതായെന്ന പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കാലതാമസം വരുത്തിയെന്ന ആരോപണത്തില്‍ മൂന്നു പോലീസുകാരെ സസ്‌പെന്‍ഡു ചെയ്തു. സബ് ഇന്‍സ്‌പെക്ടര്‍ രവി കുമാര്‍, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ വേണു ഗോപാല്‍, സത്യ നാരായണ ഗൗഡ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.