പത്തനംതിട്ട : അയ്യപ്പ ഭക്തര്‍ക്ക് പമ്പയിലും അപ്പവും അരവണയും നല്കാന് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. ഇതിനായി ഡിസംബര്‍ 13 ന് പമ്പയില്‍ കൗണ്ടറുകള്‍ തുറക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു പറഞ്ഞു. ഇന്ന് ചേര്‍ന്ന ദേവസ്വം ബോര്‍ഡ് യോഗത്തിലാണ് പമ്പയില്‍ പുതിയ കൗണ്ടറുകള്‍ തുടങ്ങാന്‍ തീരുമാനിച്ചത്.
ശബരിമല നട തുറന്നതിന് ശേഷം തിങ്കളാഴ്ച വരെ 20 ലക്ഷം ടിന് അരവണയും ഒമ്പത് പാക്കറ്റ് അപ്പവും വിറ്റതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു. 15 ലക്ഷം ടിന് അരവണ വില്‍പ്പനയ്ക്കായി തയ്യാറാക്കിയിട്ടുണ്ട്. ദിവസവും രണ്ട് ലക്ഷം ടിന് അരവണയാണ് പ്ലാന്റില്‍ നിര്‍മ്മിക്കുന്നത്.
അതേ സമയം സന്നിധാനത്ത് പതിനെട്ടാംപടിക്കു മുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം കര്‍ശനമായി നിരോധിക്കാനും ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. സന്നിധാനത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് നേരത്തെ തന്നെ നിരോധനം ഉണ്ടായിരുന്നു. എന്നാല്‍ ഇത് കര്‍ശനമായി നടപ്പാക്കിയിരുന്നില്ല. ഇതിനെ തുടര്‍ന്ന് ശ്രീകോവിലിന്റെയും പ്രതിഷ്ഠയുടെയും ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പലരും പ്രചരിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മൊബൈല്‍ ഫോണുകള്‍ക്കുള്ള നിരോധനം കര്‍ശനമായി നടപ്പാക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്.
സന്നിധാനത്ത് മൊബൈല്‍ ആദ്യം പിടിച്ചാല്‍ താക്കീത് നല്‍കും. പിന്നീട് വീണ്ടും തെറ്റ് ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.