പൂനെ: മഹാരാഷ്ട്രയില്‍ ആഭ്യന്തര വകുപ്പിനെ ചൊല്ലി ത്രികക്ഷി സഖ്യത്തില്‍ തമ്മിലടി. ആഭ്യന്തര വകുപ്പ് വേണമെന്ന് നിലപാടിലാണ് ശിവസേന. മന്ത്രിമാരുടെ സ്ഥാനവുമായി ബന്ധപ്പെട്ട് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി നടത്തിയ കൂടിക്കാഴ്ച ഒന്നര മണിക്കൂറിലേറെ നീണ്ടു. നഗര വികസനത്തിന് പകരം ആഭ്യന്തരം വേണമെന്ന നിലപാട് കൂടിക്കാഴ്ചയില്‍ താക്കറെ മുന്നോട്ട് വെച്ചെന്നാണ് സഖ്യവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചത്.
ആഭ്യന്തര വകുപ്പിന്റെ പ്രാധാന്യം മനസിലാക്കുന്നുവെന്നും അതിനാല്‍ വകുപ്പ് നിലനിര്‍ത്താനുമാണ് ശ്രമിക്കുന്നതെന്ന് ശിവസേന നേതാക്കള്‍ പറഞ്ഞു. നേരത്തെ ആഭ്യന്തരം എന്‍സിപിക്ക് നല്‍കാമെന്നായിരുന്നു ധാരണ ഉണ്ടായിരുന്നത്. എന്നാല്‍ നിലവില്‍ അത് വിട്ടു കൊടുക്കേണ്ടതില്ലെന്നാണ് ശിവസേനയുടെ ഇപ്പോഴത്തെ തീരുമാനം.
ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ ത്രികക്ഷി സഖ്യം അധികാരമേറ്റെങ്കിലും ഇതുവരെ മന്ത്രിസ്ഥാനങ്ങള്‍ നിര്‍ണയിച്ചിട്ടില്ല. നവംബര്‍ അവസാനത്തോടെയാണ് എന്‍സിപി-കോണ്‍ഗ്രസ്-ശിവസേന സഖ്യം സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ അന്തിമ തീരുമാനം എടുത്തത്. തുടര്‍ന്ന് താക്കറെയുടെ നേതൃത്വത്തില്‍ അധികാരം ഏല്‍ക്കുകയായിരുന്നു. എന്‍സിപിക്ക് 15, കോണ്‍ഗ്രസിന് 12 എന്നിങ്ങനെ മന്ത്രി സ്ഥാനങ്ങള്‍ നല്‍കാനാണ് സഖ്യത്തിന്റെ തീരുമാനം. 288 അംഗ മന്ത്രിസഭയില്‍ 43 അംഗ മന്ത്രമാരുടെ കൗണ്‍സിലാണ് രൂപീകരിച്ചിരിക്കുന്നത്.