വാഷിംങ്ടണ്‍: ഇംപീച്ച്‌മെന്റ് നടപടികള്‍ അവസാനഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെ നാന്‍സി പെലോസിക്ക് ട്രംപിന്റെ കത്ത്. ഇംപീച്ച്‌മെന്റ് അമേരിക്കയെ തകര്‍ക്കാനുള്ള ശ്രമമാണ്. തെളിവുകള്‍ ഹാജരാക്കാന്‍ തനിക്ക് സാവകാശം തന്നില്ലെന്നും ട്രംപ് കത്തില്‍ പറയുന്നു.
ഇംപീച്ച്‌മെന്റ് പ്രമേയത്തിന്‍ മേലുള്ള വോട്ടെടുപ്പ് നടപടികള്‍ ഇന്നു തുടങ്ങാനിരിക്കെയാണ് ട്രംപ് പെലോസിക്ക് കത്തെഴുതിയത്. നിര്‍ബന്ധിത സാഹചര്യത്തില്‍ ഉപയോഗിക്കേണ്ട ഇംപീച്ച്‌മെന്റ് എന്ന വാക്കിനെ നിങ്ങള്‍ ദുരുപയോഗം ചെയ്യുകയാണെന്നും ആറ് പേജുള്ള കത്തില്‍ ട്രംപ് കുറ്റപ്പെടുത്തുന്നു. അമേരിക്കന്‍ ജനാധിപത്യത്തിലെ തെളിവുകള്‍ ഹാജരാക്കാനുള്ള അവകാശം പ്രസിഡന്റ് ആയിട്ടുപോലും വകവെച്ചു തന്നില്ലെന്നും കത്തില്‍ പരാതിപ്പെടുന്നുണ്ട്.
ജനപ്രതിനിധി സഭയുടെ ജുഡീഷ്യറി കമ്മറ്റി തെളിവെടുപ്പിന് ഹാജരാകന്‍ ട്രംപിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍,നാറ്റോയുടെ എഴുപതാമത് ഉച്ചകോടി നടക്കുന്നതിനാല്‍ ലണ്ടനിലായിരിക്കുമെന്ന് കാട്ടി ട്രംപ് ഒഴിഞ്ഞുമാറുകയായിരുന്നു. ഈ ആഴ്ച തന്നെ വോട്ടെടുപ്പ് പൂര്‍ത്തിയാക്കി നടപടികള്‍ക്ക് വേഗം കൂട്ടാനാണ് നീക്കം. നടപടികള്‍ സെനറ്റിന്റെ പരിഗണനയ്‌ക്ക് എത്തുകയും രണ്ടില്‍ മൂന്ന് ഭൂരിപക്ഷത്തില്‍ പാസാവുകയും ചെയ്താല്‍ ട്രംപിന് പ്രസിഡന്റ് സ്ഥാനം നഷ്ടമാകും.
ജനപ്രതിനിധിസഭയുടെ ഇന്റലിജന്റ് കമ്മിറ്റി തയാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് പഠിച്ചശേഷമാണ് ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള രണ്ടു വകുപ്പുകള്‍ ജുഡീഷ്യറി കമ്മിറ്റി ശുപാര്‍ശ ചെയ്തത്. അധികാര ദുര്‍വിനിയോഗം, യുഎസ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് ട്രംപിനെതിരെ ചുമത്തിയിരിക്കുന്നത്. 435 അംഗ സഭയില്‍ പ്രതിപക്ഷമായ ഡെമോക്രാറ്റ് പാര്‍ട്ടിക്കാണു ഭൂരിപക്ഷം. അതിനാല്‍ കുറ്റവിചാരണയ്‌ക്കു അംഗീകാരം കിട്ടാന്‍ തന്നെയാണ് സാധ്യത.
തുടര്‍ന്ന് വിഷയം യുഎസ് പാര്‍ലമെന്റിന്റെ ഉപരിസഭയായ സെനറ്റിന്റെ പരിഗണനയ്‌ക്കെത്തും. 100 അംഗ സെനറ്റ് അനുമതി നല്‍കിയാല്‍ മാത്രമാണു ജനുവരിയില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള വിചാരണ നടക്കുക. സെനറ്റില്‍ ട്രംപിന്റെ കക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കു ഭൂരിപക്ഷം ഉള്ളതിനാല്‍ പ്രമേയം അംഗീകരിക്കപ്പെടാനുള്ള സാധ്യത കുറവാണ്. സെനറ്റ് വോട്ടെടുപ്പില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തിന്റെ അംഗീകാരം ലഭിച്ചാല്‍ മാത്രമാണ് ട്രംപിനു വൈറ്റ് ഹൗസ് വിടേണ്ടി വരുക.