ആലപ്പുഴ : ബിവറേജ് തേടി ഇനി ഒരാളും അലയാൻ ഇട വരരുതെന്ന് സംസ്ഥാന സർക്കാരിനു നിർബന്ധമുണ്ട് . ബെവ്കോയുടെ വിദേശമദ്യ ചില്ലറ വില്പനശാല തേടി അലയുന്നവർക്ക് ലക്ഷ്യസ്ഥാനം കണ്ടെത്തുന്നതിന് മൊബൈൽ ആപ്പ് വരുന്നു. കോർപറേഷനിൽ കേന്ദ്രീകൃത കമ്പ്യൂട്ടർ സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ആപ്പ് ഏർപ്പെടുത്തുന്നത്.
മൊബൈൽ ഫോണിലൂടെ വില്പനശാലയുടെ കൃത്യ സ്ഥാനം കണ്ടുപിടിക്കുന്നതിനായി തയ്യാറാക്കിയ മൊബൈൽ ആപ്പ് ഏപ്രിലിൽ നിലവിൽ വരും. 7.5 കോടിയാണ് ചെലവ്.
രാജസ്ഥാനിൽ ജയ്പൂരിലുള്ള ഇ-കണക്ട് എന്ന സ്ഥാപനമാണ് ആപ്പ് തയ്യാറാക്കിയത്. ഓരോ ഔട്ട്ലെറ്രിലുമുള്ള ബ്രാൻഡുകൾ, വില തുടങ്ങിയ വിവരങ്ങളും ആപ്പിലുണ്ടാകും. സംവിധാനത്തിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി.
മാത്രമല്ല ക്യൂ.ആർ കോഡ് ഉപയോഗിച്ചുള്ള ബില്ലിംഗും വൈകാതെ തുടങ്ങും . ചില്ലറ വില്പന ശാലകളും വെയർഹൗസുകളും ഹെഡ് ഓഫീസുമായി ബന്ധിപ്പിക്കുന്ന സി.സി ടിവി കാമറ സംവിധാനത്തിലാവും.പൊതുമേഖല സ്ഥാപനമായ കെൽട്രോണാണ് ഇതിനുള്ള സംവിധാനമൊരുക്കുന്നത്. ചുരുക്കത്തിൽ അടിമുടി മോഡേണാകാനുള്ള തീരുമാനത്തിലാണ് ബെവ്കോ.