Qatar

ഭാരതീയ കലാപൈതൃകം വിളിച്ചോതി ഖത്തറില്‍ എ പാസേജ്‌ ടു ഇന്ത്യ സാംസ്‌കാരിക മേള

മേള കാണാന്‍ എത്തിയത്‌ പതിനായിരങ്ങള്‍

ദോഹ.. ഭാരതത്തിന്റെ സാംസ്‌കാരിക സമ്പന്നത വിളംബരംചെയ്യുന്ന എ പാസേജ്‌ ടു ഇന്ത്യ മേള സന്ദര്‍ശിക്കാനെത്തിയത്‌ പതിനായിരങ്ങള്‍. മിയ(മ്യൂസിയം ഓഫ്‌ ഇസ്‌ലാമിക്‌ ആര്‍ട്ട്‌)പാര്‍ക്കില്‍ ഇന്ത്യന്‍ സ്‌ഥാനപതി പി. കുമരനാണ്‌ മേള ഉദ്‌ഘാടനം ചെയ്‌തത്‌. ഇന്ത്യന്‍ എംബസിയുടേയും മിയയുടേയും സഹകരണത്തോടെ ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍(ഐസിസി) ആണ്‌ ദ്വിദിന മേള സംഘടിപ്പിച്ചത്.
ഇന്ത്യന്‍ നൃത്തനൃത്യങ്ങള്‍, പ്രവാസി സംഘങ്ങളുടെ സംഗീത, കലാപ്രകടനങ്ങള്‍, കേരളത്തിന്റെ സ്വന്തം പഞ്ചവാദ്യം എന്നിവ മേളക്ക്‌ കൊഴുപ്പേകി. നാലു മീറ്റര്‍ ഉയരവും ഇരട്ടി നീളവുമുള്ള ദല്‍ഹി ചെങ്കോട്ടയുടെ മാതൃകയാണ്‌ മേളയിലെ മറ്റൊരാകര്‍ഷണം. ഐസിസി അംഗസംഘടനയായ വിശ്വകലാവേദിയുടെ മേല്‍നോട്ടത്തില്‍ 15 തൊഴിലാളികള്‍ 13 ദിവസം കൊണ്ടാണ്‌ ചെങ്കോട്ട തയാറാക്കിയത്‌.
വെള്ളി വൈകിട്ട്‌ 4 മുതല്‍ 5 വരെ പൊലീസ്‌ ശ്വാന വിഭാഗത്തിന്റെ പ്രദര്‍ശനം നടന്നു. സ്‌ഫോടക വസ്‌തുക്കള്‍, മയക്കുമരുന്നുകള്‍, മറ്റു നിരോധിത വസ്‌തുക്കള്‍ എന്നിവ മണത്തു പിടിക്കുന്നതില്‍ ഇവയുടെ അസാമാന്യ കഴിവ്‌ കൗതുകം പകര്‍ന്നു. ഖത്തര്‍ ആഭ്യന്തരമന്ത്രാലയത്തിനു കീഴിലെ മയക്കുമരുന്ന്‌ കള്ളക്കടത്തു നിരോധന വിഭാഗം, ഖത്തര്‍ കസ്‌റ്റംസ്‌, തീരസംരക്ഷണ വിഭാഗം എന്നിവയുടെ ബോധവല്‍ക്കരണ ക്ലാസുകളും മേളയുടെ ഭാഗമായി നടന്നു.
ഇന്ത്യന്‍ കരകൗശല ഉല്‍പന്ന സ്‌റ്റാളുകള്‍, ദക്ഷിണ, ഉത്തരേന്ത്യന്‍ രുചികള്‍ വിളമ്പുന്ന ഭക്ഷണശാലകള്‍, വസ്‌ത്രവില്‍പന സ്‌റ്റാളുകള്‍ എന്നിവയിലും സന്ദര്‍ശകത്തിരക്ക്‌ ഏറെയായിരുന്നു. ഐസിസി, എയര്‍പോര്‍ട്ട്‌ റോഡിലെ ഫാമിലി ഫുഡ്‌ സെന്റര്‍ എന്നിവിടങ്ങളില്‍ നിന്ന്‌ മിയയിലേക്ക്‌ സൗജന്യ ബസ്‌ സര്‍വീസ്‌ ഏര്‍പ്പെടുത്തിയത്‌ സന്ദര്‍ശകര്‍ക്ക്‌ സൗകര്യമായി. മേളയ്‌ക്കെത്താന്‍ ഒട്ടേറെപ്പേര്‍ ദോഹ മെട്രോ സര്‍വീസുകളും ഉപയോഗപ്പെടുത്തി.
ഐസിസിക്കു പുറമേ ഇന്ത്യന്‍ കമ്യൂണിറ്റി ബെനവൊലന്റ്‌ ഫോറം(ഐസിബിഎഫ്‌), ഇന്ത്യന്‍ ബിസിനസ്‌ ആന്‍ഡ്‌ പ്രഫഷണല്‍ കൗണ്‍സില്‍(ഐബിപി) ഇന്ത്യന്‍ വിമന്‍സ്‌ അസോസിയേഷന്‍, ബംഗീയ പരിഷത്‌, മഹാരാഷ്‌ട്ര മണ്ഡല്‍, തമിഴര്‍ സംഘം തുടങ്ങിയസംഘടനകളും മേളയുടെ ഭാഗമായി.
വിവിധ മന്ത്രാലയ പ്രതിനിധികള്‍, ഖത്തര്‍ മ്യൂസിയംസ്‌ ഉന്നതോദ്യോഗസ്‌ഥര്‍, പ്രവാസി സംഘടന ഭാരവാഹികള്‍ തുടങ്ങി ഒട്ടേറെ പ്രമുഖരുടെ സാന്നിധ്യത്തില്‍ നടന്ന ഉദ്‌ഘാടന സഭയില്‍ മുഖ്യാതിഥിയായ ഖത്തര്‍ പൊതുജനാരോഗ്യവിഭാഗം ഡയറക്‌ടര്‍ ഷെയ്‌ഖ്‌ ഡോ. മുഹമ്മദ്‌ ബിന്‍ ഹമദ്‌ അല്‍താനിക്ക്‌ ഇന്ത്യന്‍ സ്‌ഥാനപതി ഉപഹാരം കൈമാറി. ഖത്തറില്‍ 40 വര്‍ഷം പൂര്‍ത്തിയാക്കിയക ഇന്ത്യന്‍ വ്യാപാരി, വ്യവസായ പ്രമുഖരെയും ആദരിച്ചു.

1 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close