ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇനി എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരിയും വാങ്ങാം. ഇത് സംബന്ധിച്ച തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കി. 49 ശതമാനമായിരുന്നു എയര്‍ ഇന്ത്യയില്‍ വിദേശ നിക്ഷേപം അനുവദിച്ചിരുന്നത്. ഈ പരിധി നീക്കുന്നതിന് വ്യോമയാന മന്ത്രാലയം ഡി പി ഐ ഐ ടിയെ സമീപിച്ചു. മാര്‍ച്ച് 17 നാണ് വില പറയാനുള്ള അവസാന തീയതി.
എയര്‍ ഇന്ത്യയുടേയും എയര്‍ ഇന്ത്യാ എക്സ്പ്രസിന്റേയും 100 ശതമാനവും ഗ്രൗണ്ട് ഹാന്‍ഡലിംഗ് കമ്പനിയുടെ 50 ശതമാനം ഓഹരിയുമാണ് സര്‍ക്കാര്‍ വില്‍ക്കുന്നത്. എയര്‍ ഇന്ത്യയില്‍ താത്പര്യം പ്രകടിപ്പിച്ച് ഇന്‍ഡിഗോ, എത്തിഗാഹ് എയര്‍വെയ്സ് എന്നീ വിമാന കമ്പനികള്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി വിമാനക്കമ്പനികള്‍ ചര്‍ച്ച നടത്തിയെന്നും സൂചനകള്‍ ഉണ്ടായിരുന്നു.