കേരള വിഭാഗം യുവജനോത്സവം ഏപ്രിലിൽ നടക്കും

Published by
Janam Web Desk

മസ്കറ്റിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്‌ കേരള വിഭാഗം സംഘടിപ്പിക്കുന്ന കലാ സാഹിത്യമത്സരങ്ങളിലേക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. മത്സരങ്ങള്‍ ഏപ്രില്‍ 3,4,10,11 തീയതികളിലായി നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. മാർച്ച് 15 ആണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി.ഭരതനാട്യം, മോഹിനിയാട്ടം, കേരള നടനം, കുച്ചുപ്പുടി, നാടോടി നൃത്തം, ഒപ്പന, തിരുവാതിര, സംഘനൃത്തം, തുടങ്ങിയ നൃത്ത ഇനങ്ങളും, ലളിതഗാനം, ശാസ്ത്രീയ സംഗീതം, മാപിളപ്പാട്ട്, നാടന്‍പാട്ട്, വടക്കന്‍ പാട്ട്, സംഘ ഗാനം, കഥാപ്രസംഗം എന്നിവയ്‌ക്ക് പുറമെ, സിനിമാഗാനവും മത്സര ഇനങ്ങളായി ഉണ്ടാവും. പ്രസംഗ മത്സരം, കവിതാലാപനം, ലേഖനം, കഥാ രചന, കവിതാ രചന തുടങ്ങിയവ മലയാളത്തിലും ഇംഗ്ലീഷിലും ഉണ്ടായിരിക്കും.

ഉപകരണ സംഗീത മത്സരത്തില്‍ കീ ബോര്‍ഡ്‌ മാത്രമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. മൈം, മിമിക്രി, ഏകാഭിനയം, ചിത്ര രചന എന്നീ ഇനങ്ങളിലും മത്സരങ്ങള്‍ ഉണ്ടായിരിക്കും. ഏറ്റവും കൂടുതല്‍ പോയിന്റ്‌ ലഭിക്കുന്ന സ്കൂളിന് ട്രോഫിയും സമ്മാനിക്കും. മത്സരങ്ങള്‍ വിലയിരുത്തുന്നത് കേരളത്തില്‍ നിന്നും പ്രത്യേകമായി എത്തിച്ചേരുന്ന വിധികര്‍ത്താക്കളുടെ നേതൃത്ത്വത്തിലായിരിക്കും.ഒമാനിലെ വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നടത്തുന്ന മത്സരങ്ങളില്‍ എല്ലാ ഇന്ത്യക്കാര്‍ക്കും പങ്കെടുക്കാം. മത്സരങ്ങള്‍ക്കുള്ള അപേക്ഷ ഫോറങ്ങളും മറ്റു വിവരങ്ങളും ദാർസൈടിലുള്ള ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്‌ ഓഫീസിലും കേരള വിഭാഗത്തിന്റെ www.isckeralawing.org എന്ന വെബ്‌ സൈറ്റിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ നിശ്ചിത തീയതിക്കകം ദാർസൈടിലുള്ള ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ് ഓഫീസില്‍ എത്തിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 93397868, 99881475 എന്നീ മൊബൈല്‍ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Share
Leave a Comment