കോട്ടയം: കോവിഡ് 19 ബാധിതരായ കോട്ടയം സ്വദേശികള്‍ സഞ്ചരിച്ച റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് പുറത്തു വിട്ടു. ഇവരുമായി നേരിട്ട് ബന്ധം ഉള്ളവര്‍ നിരീക്ഷണത്തില്‍ ആണെങ്കിലും ആരോഗ്യ നില തൃപ്തികരമാണ്. എന്നാല്‍ റാന്നി സ്വദേശികളുടെ മാതാപിതാക്കളുടെ ആരോഗ്യനിലയില്‍ നേരിയ ആശങ്കയുണ്ട്. വൈറസിനു എതിരെ ജില്ലയില്‍ കടുത്ത ജാഗ്രത തുടരുകയാണ്.
ഫെബ്രുവരി 29 മുതല്‍ മാര്‍ച്ച് 8 വരെ കോവിഡ് ബാധിതരായ കോട്ടയം സ്വദേശികളുടെ പൊതു സ്ഥലങ്ങളിലെ സഞ്ചാര പാതയാണ് ആരോഗ്യ വകുപ്പ് പുറത്തു വിട്ടത്. എന്നാല്‍ ഇവര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നതിനു മുന്‍പ് തന്നെ ഈ കാലയളവില്‍ ഇവരുമായി നേരിട്ട് ബന്ധപ്പെട്ടവരുടെ പട്ടിക തയ്യാറാക്കുകയും ഇവരെ വീടുകളില്‍ നിരീക്ഷണത്തില്‍ വെക്കുകയും ചെയ്തിരുന്നു. ഇനിയും ഏതെങ്കിലും കാരണവശാല്‍ ഇവരുമായി നേരിട്ട് ബന്ധം ഉള്ളവര്‍ ഉണ്ടെങ്കില്‍ കണ്ടെത്തുന്നതിനാണ് സഞ്ചാര പാത പ്രസിദ്ധീകരിച്ചത്.
നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ആര്‍ക്കും രോഗ ലക്ഷണമില്ല. കൂടാതെ കോട്ടയം സ്വദേശിയുടെ മകളുടെ പരിശോധന ഫലവും നെഗറ്റീവ് ആണ്. അതിനാല്‍ തന്നെ വൈറസ് ബാധ പകരുന്നില്ല എന്നത് ആരോഗ്യ വകുപ്പിന് വലിയ ആശ്വാസം നല്കുന്നു. എന്തായാലും പ്രതിരോധ പ്രവര്‍ത്തനത്തില്‍ യാതൊരു വിട്ടു വീഴ്ചയും വേണ്ട എന്നാണ് ജില്ലാ ഭരണ കൂടത്തിന്റെ തീരുമാനം. ഒപ്പം ഏത് അടിയന്തിര സാഹചര്യവും നേരിടാന്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ ജില്ലയില്‍ ക്രമീകരിച്ചുണ്ട്. രണ്ടു ദിവസമായി പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തില്‍ കൊറോണ ഭീതിയില്‍ നിന്നും മെല്ലെ മുക്തമാകുകയാണ് കോട്ടയം.