ന്യൂഡല്‍ഹി: കൊറോണ പ്രതിരോധത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചതിനാല്‍ പുതിയ സ്ഥലങ്ങളിലെ പരിശോധനകള്‍ ഉടന്‍ ആരംഭിക്കണമെന്ന നിര്‍ദ്ദേശവുമായി ആരോഗ്യ മന്ത്രാലയം. രാജ്യത്ത് രണ്ടാം ഘട്ടമായതിനാല്‍ കൊറോണ ബാധിച്ചിട്ടില്ലെന്ന് കരുതുന്ന പ്രദേശങ്ങളിലും പരിശോധനയും നിരീക്ഷണവും ആരംഭിക്കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.
കൊറോണ ബാധയില്ലെന്ന് തീര്‍ച്ചയാക്കാന്‍ കുറഞ്ഞത് 28 ദിവസം ഒരു പുതിയ കേസ്സും റിപ്പോര്‍ട്ട് ചെയ്യപ്പെടരുത്. കേന്ദ്ര ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ലുവ് അഗര്‍വാളാണ് മാനദണ്ഡത്തെപ്പറ്റിയുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. 28 ദിവസത്തെ കാലവധിയില്‍ കൊറോണ ബാധിതരുടെ സമൂഹ്യബന്ധം മുറിക്കുകയും ഒപ്പം ആളുകളുടെ ഇടപഴകല്‍ രീതിയില്‍ പ്രകടമായ മാറ്റവും ഉറപ്പാക്കണം.
നിലവില്‍ രാജ്യത്തെ കൊറോണ ബാധിക്കുന്ന പുതിയ ആളുകളുടെ എണ്ണം മൂന്നക്കത്തിലേക്ക് ചുരുങ്ങി 944 ആയി. ഇത് ശുഭസൂചനയാണെന്നും അഗര്‍വാള്‍ ചൂണ്ടിക്കാട്ടി. തിങ്കളാഴ്ചത്തെ കണക്കായ 1276ല്‍ നിന്നാണ് 944ലേക്ക് പുതിയ രോഗബാധിതരുടെ എണ്ണം താണിരിക്കുന്നത്. മഹാരാഷ്ട്രയിലുണ്ടാകുന്ന വര്‍ദ്ധന പിടിച്ചുനിര്‍ത്താനുള്ള ശ്രമത്തിലാണെന്നും ആരോഗ്യ വകുപ്പ് പറഞ്ഞു. നിലവില്‍ ഇന്ത്യയിലാകമാനം 393 പേര് മരിച്ചപ്പോള്‍ മഹാരാഷ്ട്രയില്‍ 350 രോഗബാധിതരില്‍ 18 മരണം എന്നതാണ് സ്ഥിതിയെന്നത് ഗൗരവമുള്ളതാണെന്നും അഗര്‍വാള്‍ ചൂണ്ടിക്കാട്ടി.
ലോക്ഡൗണിന്റെ രണ്ടാംഘട്ടത്തില്‍ രാജ്യത്തെ 732 ജില്ലകളില്‍ 380ലാണ് കൊറോണ ബാധ ഉണ്ടായിരിക്കുന്നത്. ഇതില്‍ ആദ്യഘട്ടത്തില്‍ കൊറോണ ബാധിച്ച 25 ജില്ലകളില്‍ 14 ദിവസം ഒരാള്‍ക്കുപോലും പുതുതായി രോഗം വരാതെ നോക്കിയത് വലിയ വിജയമാണെന്നും അഗര്‍വാള്‍ വ്യക്തമാക്കി.