ന്യൂഡല്‍ഹി: കൊറോണ വ്യാപനം രാജ്യത്ത് തുടരുന്നതിനാല്‍ റംസാന് നോമ്പുകാലത്തെ എല്ലാ നമസ്ക്കാര ചടങ്ങുകളും സ്വന്തം വീടുകളില്‍ നടത്തണമെന്ന് മുസ്ലീം സംഘടനകള്‍. ഇന്ത്യയിലെ ഏറെ പഴക്കം അവകാശപ്പെടുന്ന മതസംഘടനയായ ജാമിയ നിസാമിയയുടെ ഭാഗത്തുനിന്നാണ് ഇസ്ലാമിക സമൂഹത്തിനുള്ള ആദ്യ അഭ്യര്‍ത്ഥന വന്നിരിക്കുന്നത്. റംസാന് നോമ്പുകാലം ഏപ്രില്‍ 24നോ 25നോ ചന്ദ്രക്കല ദര്‍ശിക്കുന്നതോടെ ആരംഭിക്കാനാണ് സാധ്യത. എല്ലാത്തരം ഇസ്ലാമിക മതപഠന കേന്ദ്രങ്ങളിലേക്കും പ്രത്യേകം സര്‍ക്കുലറിലൂടെയാണ് അഭ്യര്‍ത്ഥന നടത്തിയത്.
വീടുകളിലേക്ക് റംസാന് നോമ്പ് നമസ്ക്കാരം പരിമിതപ്പെടുത്തണമെന്ന ആവശ്യമാണ് അറിയിച്ചിട്ടുള്ളത്. ഉലമകളും മുഫ്തികളും റംസാന് സമയത്തെ രാത്രിയിലുള്ള പ്രത്യേക നമസ്ക്കാരവും വീടുകളില്‍ നടത്താനുള്ള നിര്‍ദ്ദേശം നല്‍കണം. അതു പ്രകാരം വൈകിട്ടുള്ള ഇഫ്താര്‍ നോമ്പുതുറ വീടുകളില്‍തന്നെ നടത്തണമെന്നും അഭ്യര്‍ത്ഥനയില്‍ പറയുന്നു. റംസാന് കാലത്ത് ആരും പട്ടിണിയിലാകാതിരിക്കാനുള്ള പ്രത്യേക ശ്രദ്ധകൊടുക്കുണം. പ്രാദേശിക ഭരണകൂടത്തിന്റെ മേല്‍നോട്ടത്തിലായിരിക്കണം ഭക്ഷണ സൗകര്യം ഒരുക്കേണ്ടതെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. ഇതിനുപുറമേ മറ്റാരും തന്നെ കൂട്ടം ചേര്‍ന്നുള്ള ഒരു പരിപാടികളും ഇഫ്താറിനായി നടത്തരുതെന്നും അഭ്യര്ത്ഥനയിലുണ്ട്.