കൊച്ചി: ഗോള്‍ഡ് ബോണ്ട് സ്വീകരിക്കാന്‍ ഇന്നുമുതല്‍ അവസരം. കേന്ദ്രസര്‍ക്കാറിന് വേണ്ടി റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയാണ് ബാങ്കുകള്‍ക്കും നിശ്ചയിക്കപ്പെട്ട ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഗോള്‍ഡ് ബോണ്ട് സ്വീകരിക്കാനുള്ള സമയം അനുവദിച്ചത്. ഏപ്രില്‍ 20 മുതല്‍ 24-ാം തിയതിവരെ ഉപഭോക്താക്കള്‍ക്ക് ഗോള്‍ഡ് ബോണ്ടില്‍ നിക്ഷേപം നടത്താം. ഇന്നുമുതല്‍ ദേശസാല്‍കൃത ബാങ്കുകള്‍, പോസ്റ്റ് ഓഫീസുകളിലും നിക്ഷേപം നടത്താം. ഒപ്പം സ്റ്റോക്ക് ഹോംള്‍ഡിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, സ്റ്റോക്ക് എക്‌സ്‌ചേഞ്ച് എന്നിവ വഴിയും നിക്ഷേപം നടത്താം. ഒരു ഗ്രാമിന് തുല്യായ ബോണ്ടിന് 4639 രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്. ഇത് ഓണ്‍ലൈനില്‍ വാങ്ങുകയാണെങ്കില്‍ 50 രൂപ കിഴിവ് ലഭിക്കുമെന്ന ലാഭവും ഉപഭോക്താവിന് ലഭിക്കും. ഒരു ഗ്രാം മുതല്‍ ഒരു വര്‍ഷത്തിനിടെ 4 കിലോഗ്രാമിന് വരെ നിക്ഷേപം നടത്താം.

ആദ്യഘട്ട വില്‍പ്പനയാണ് ഈ മാസം 24ന് അവസാനിക്കുക. ബോണ്ട് സര്‍ട്ടിഫിക്കറ്റ് ഈ മാസം 28ന് വിതരണം ചെയ്യും. ആറുമാസം കൂടുമ്പോള്‍ 2.5ശതമാനം പലിശയും ഇതേ തുകയ്‌ക്ക് ലഭിക്കും. ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് പലിശ വകകൊള്ളിക്കുക. നിക്ഷേപ കാലാവധിയെത്തിയാല്‍ ആ കാലഘട്ടത്തിലെ സ്വര്‍ണ്ണത്തിന്റെ വില ലഭിക്കുമെന്നതാണ് ഏറ്റവും വലിയ ആകര്‍ഷണം. ആദായനികുതി മുക്തമാണെന്നതും മറ്റൊരു സുപ്രധാന പ്രത്യേകതയാണ്. നിലവില്‍ കാലാവധി 8 വര്‍ഷമാണെങ്കിലും അഞ്ചു വര്‍ഷം പൂര്‍ത്തിയായാല്‍ വിറ്റു പണമാക്കി മാറ്റുകയും ചെയ്യാം.
മറ്റ് ബോണ്ടുകളെ അപേക്ഷിച്ച് ഏറെ സാമ്പത്തിക ഭദ്രതയും ദീര്‍ഘകാലത്തേക്ക് നിക്ഷേപ സുരക്ഷ നല്‍കുന്നതുമാണ് സ്വര്‍ണ്ണ ബോണ്ടുകളെന്ന് റിസര്‍വ്വ് ബാങ്ക് അറിയിച്ചു. വ്യക്തികള്‍ക്കും ചാരിറ്റബിള്‍ ഇൻസ്റ്റിറ്റ്യൂഷനുകൾക്കും നിക്ഷേപിക്കാന്‍ അനുവാദമുണ്ട്. കെവൈസി മാനദണ്ഡങ്ങള്‍ പാലിച്ചുവേണം നിക്ഷേപം നടത്താന്‍. വോട്ടേഴ്‌സ് ഐഡിയോ പാന്‍കാര്‍ഡോ ആധാര്‍ കാര്‍ഡോ നല്‍കണമെന്നും മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.















