ന്യൂഡല്‍ഹി: കൊറോണ വ്യാപനം എത്ര ശക്തമായാലും അതിനേക്കാള്‍ കരുത്തുറ്റ സുഹൃദ്ബന്ധത്തിലൂടെ മഹാമാരിയെ തുരത്തുമെന്ന ആത്മവിശ്വാസത്തോടെ ഇന്ത്യ. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.ജയശങ്കറാണ് വിവിധ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരെ വിളിച്ച് ആത്മവിശ്വാസം പകര്‍ന്നത്. അമേരിക്ക, റഷ്യ, ബ്രസീല്‍, സൗദി അറേബ്യ, ഒമാന്‍ എന്നീ രാജ്യങ്ങളിലെ മന്ത്രിമാരുമായിട്ടായിരുന്നു ഓണ്‍ലൈനിലെ കൂടിക്കാഴ്ച. തന്റെ ട്വിറ്ററിലൂടെയാണ് വിവിധ രാജ്യങ്ങളുമായി നടത്തിയ സംഭാഷണത്തിന്റെ നല്ല അനുഭവം ജയശങ്കര്‍ പങ്കുവച്ചത്.
ഇപ്പോഴുള്ളത് കൊറോണ കാലത്തെ നയതന്ത്രമാണ്. എന്തൊക്കെയായാലും ശക്തമായ സൗഹൃദബന്ധത്താല്‍ നാം ഇതിരെ മറികടക്കും. അമേരിക്ക, റഷ്യ, ബ്രസീല്‍,സൗദി അറേബ്യ, ഒമാന്‍ എന്നിവരുമായി വിശദമായ ചര്‍ച്ചകളിലൂടെ തിരക്കുപിടിച്ച ദിവസമായിരുന്നു ഇന്നലെ’ കേന്ദ്ര വിദേശകാര്യമന്ത്രി ട്ര്വിറ്ററില് കുറിച്ചു.
റഷ്യയുടെ വിദേശകാര്യമന്ത്രി സെര്‍ഗേ ലാവ്റോവയുമായുള്ള സംഭാഷണത്തില്‍ ബ്രിക്സ് രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്ച നടക്കാനിരിക്കുന്നതും ചര്‍ച്ചയായി. ഒപ്പം അഫ്ഗാനിസ്ഥാനിലെ പുതിയ അന്തരീക്ഷത്തെ ഇരുരാജ്യങ്ങളും പരിഗണിക്കേണ്ടതും സൂചിപ്പിച്ചതായി ജയശങ്കര്‍ പറഞ്ഞു.
അമേരിക്കയുടെ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയുമായുള്ള ചര്‍ച്ചയില്‍ ലോകത്തെ വിവിധ രാജ്യങ്ങളെ കൊറോണ പ്രതിരോധത്തില്‍ എങ്ങിനെ പ്രയോജന പ്പെടുത്താം എന്നതിലും ധാരണയായതായും ജയശങ്കര്‍ അറിയിച്ചു. സൗദി, ഒമാന്‍ എന്നീ രാജ്യങ്ങളുമായുള്ള സംഭാഷണത്തില്‍ പ്രധാനമായും അവിടെയുള്ള ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷിതത്വം സുപ്രധാന വിഷയമായതായും വിദേശകാര്യമന്ത്രി സൂചിപ്പിച്ചു.