മുംബൈ: ബോളിവുഡ് താരം ഋഷി കപൂര്‍ അന്തരിച്ചു. ഇന്നലെ ഇര്‍ഫാന്‍ ഖാന്‍രെ മരണത്തിന് പിന്നാലെ മുന്‍ ബോളിവുഡ് സൂപ്പര്‍താരം ഋഷി കപൂര്‍ അന്തരിച്ചത്. ഇന്ന് രാവിലെയാണ് ആശുപത്രിയിലായിരിക്കെ മരണം സംഭവിച്ചത്. 67 വയസ്സായിരുന്നു. ഹിന്ദി സിനിമയുടെ തറവാടെന്ന് വിശേഷിപ്പിക്കുന്ന കപൂര്‍ കുടുംബാംഗമാണ്. നീതു കപൂര്‍ ഭാര്യയും നടന്‍ റണ്‍ബീര്‍ കപൂര്‍ മകനുമാണ്. അമിതാബ് ബച്ചനാണ് ആദ്യ വാര്‍ത്ത പുറത്തുവിട്ടത്. ബോബി, ചാന്ദിനി, അഗ്നിപഥ് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ ബോളിവുഡിലെ ഏറ്റവും പ്രസരിപ്പാര്‍ന്ന നടനായി ഋഷി കപൂര്‍ തിളങ്ങി.
https://twitter.com/SrBachchan/status/1255709029336322048
ആരോഗ്യനില വഷളാണെന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നുമുള്ള ട്വിറ്റര്‍ സന്ദേശം ഇന്നലെ രാത്രി പുറത്തുവന്നിരുന്നു.’ അദ്ദേഹത്തിന് സുഖമില്ല. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഭാര്യ നീതു കപൂറാണ് ഒപ്പമുള്ളത്’ ട്വിറ്ററിലൂടെയാണ് രോഗബാധിതനാണെന്ന വിവരം പുറത്തുവിട്ടത്.
2018 മുതല്‍ ക്യാന്‍സര്‍ ബാധിതനായി ഋഷി കപൂര്‍ ചികിത്സയിലായിരുന്നു. ന്യൂയോര്‍ക്കിലെ ചികിത്സകള്‍ക്ക് ശേഷം കഴിഞ്ഞ സെപ്തംബര്‍ മാസത്തിലാണ് നാട്ടിലെത്തിയത്. നിലവില്‍ യോഗാഭ്യാസത്തിലൂടേയും ഭക്ഷണ ക്രമീകരണത്തിലൂടേയും ഏറെ മെച്ചപ്പെട്ടതായും ഭാര്യ നീതു കപൂര്‍ സമൂഹമാധ്യമത്തിലൂടെ അറിയിച്ചിരുന്നു.
മേരേ നാം ജോക്കറെന്ന എക്കാലത്തേയും മികച്ച ഇന്ത്യന്‍ സിനിമയില്‍ വിഖ്യാതനടനും തന്റെ അച്ഛന്‍ നായകനുമായ ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. 1973ല്‍ യുവതാരമായി ഡിംപിള്‍ കപാഡിയയുമൊത്ത് അഭിനയിച്ച ബോബി ബോളിവുഡിനെ ഇളക്കിമറിച്ച ചിത്രമായിരുന്നു.2018ല്‍ അമിതാബ് ബച്ചനൊപ്പം അഭിനയിച്ച 102 നോട്ടൗട്ടാണ് അവസാനചിത്രമായി മാറിയത്. അതിഗംഭീര ഗാനങ്ങളിലൂടെ പ്രേക്ഷക മനസ്സില്‍ നിറഞ്ഞുനിന്ന ബോബിയിലെ ഹം തും ഏക് കമരേ മെം ബന്ധു ഹോ, ചാന്ദ്‌നീ എന്ന ചിത്രത്തിലെ ചാന്ദിനീ…തൂ മേരീ ചാന്ദിനീ എന്ന ഗാനങ്ങളെല്ലാം ഇന്നും ആരാധക മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നവയാണ്. 2000 ന് ശേഷം നിരവധി സ്വാഭാവിക നടന വേഷങ്ങളിലൂടെ ഋഷി കപൂര്‍ വന്‍ തിരിച്ചുവരവു തന്നെ നടത്തിയിരുന്നു.















