ആലപ്പുഴ: ജില്ലകള്‍ക്കകത്തുള്ള കെ.എസ്.ആര്.ടി.സി ബസ്സുകള്‍ ഇന്ന് മുതല്‍ ഓടിത്തുടങ്ങി. കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് കൂടുതല്‍ സര്‍വ്വീസുകള്‍ രാവിലെ തന്നെ ആരംഭിച്ചിരിക്കുന്നതെന്ന് കെ.എസ്.ആര്.ടി.സി അധികൃതര്‍ അറിയിച്ചു സാമൂഹ്യ അകലം പാലിക്കാനായി ഒരു സീറ്റില്‍ ഒരാള്‍ എന്ന നിലയിലാണ് നിലവില്‍ ആളുകളെ ഇരുത്തുന്നത്. ആലപ്പുഴ ജില്ലയില്‍ 122 ബസ്സുകളും കോട്ടയം ജില്ലയില്‍ 102 ബസ്സുകളുമാണ് ഇന്ന് നിരത്തിലിറങ്ങിയത്. തൃശ്ശൂര്‍ ജില്ലയില്‍ 92 ബസ്സുകളും കൊല്ലം ജില്ലയില്‍ 200 ബസ്സുകളും ഓടിത്തുടങ്ങി. പത്തനംതിട്ട ജില്ലയില്‍ 78 ബസ്സുകള്‍ പ്രാദേശിക മേഖലകളിലേക്ക് ഓടിത്തുടങ്ങിയതായും കെ.എസ്.ആര്.ടി.സി അറിയിച്ചു.
കൊറോണ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിച്ച പശ്ചാത്തലത്തിലാണ് പൊതുഗതാഗതം ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ സ്വകാര്യ ബസ്സുകള്‍ നിയന്ത്രണങ്ങളോടെ ഓടിക്കില്ലെന്ന് പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷന് പറഞ്ഞതോടെ സര്‍ക്കാര്‍ സംവിധാനത്തിലെ യാത്രകള്‍ തുടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.