ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുലിന് ലോക്ഡൗണിനെ രാഷ്‌ട്രീയമായി ഉപയോഗിക്ക ണമെന്ന് മാത്രമാണ് ചിന്തയെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍. ‘രാഹുല്‍ ഉന്നയിക്കുന്നത് മുഴുവന്‍ തെറ്റായ പ്രചരണങ്ങളും അബദ്ധ ജഢിലമായ ആരോപണങ്ങളുമാണ്. ഇദ്ദേഹത്തിന് ലോക്ഡൗണിനെ എങ്ങിനേയും രാഷ്‌ട്രീയമായി ഉപയോഗിക്കണം എന്നല്ലാതെ മറ്റൊരു ചിന്തയുമില്ല’ ജാവദേക്കര്‍ കുറ്റപ്പെടുത്തി. ലോക്ഡൗണ്‍ ലക്ഷ്യം രാജ്യത്ത് പരാജയപ്പെട്ടുവെന്നും രാജ്യത്ത് കൊറോണ കൂടുന്ന സമയത്താണ് ലോക്ഡൗണ് ഏടുത്തു കളയാന്‍ കേന്ദ്രം തീരുമാനിച്ചിരിക്കുന്നതെന്നും രാഹുല്‍ ആരോപിച്ചിരുന്നു.
‘രാജ്യം കൊറോണക്കെതിരെ അതിശക്തമായ പോരാട്ടത്തിലാണ്. രാജ്യവ്യാപകമായി കൊറോണ വലിയതോതില്‍ വ്യാപിക്കുന്നത് തടയാന്‍ നമുക്കായി. രാജ്യത്ത് ഭക്ഷ്യക്ഷാമം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിച്ചു. അവശ്യ സേവന വിഭാഗങ്ങളെല്ലാം നന്നായി പ്രവര്‍ത്തിക്കുന്നു. എല്ലാ സംസ്ഥാനങ്ങള്‍ക്കും വേണ്ട സഹായങ്ങള്‍ എത്തിച്ചു. ഇതൊന്നും വിലയിരുത്താ തെയുള്ള അബദ്ധങ്ങള്‍ നിരത്തുന്നതില്‍ ഏറ്റവും നല്ല ഉദാഹരണമായി രാഹുല്‍ മാറിയിരിക്കുന്നു’ ജാവദേക്കര്‍ വ്യക്തമാക്കി.
ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്ന സമയത്ത് കൊറോണ വൈറസിന്റെ വ്യാപന തോത് മൂന്ന് ദിവസത്തില്‍ ഇരട്ടിക്കുന്നതരത്തിലായിരുന്നു. എന്നാലിന്ന് അത് 13 ദിവസം എന്ന നിലയിലേക്ക് മാറ്റാന്‍ ആരോഗ്യരക്ഷാ സംവിധാനത്തിലൂടെ നമുക്ക് സാധിച്ചു. ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ രാജ്യം നിശ്ചലമാകുമെന്ന് പറഞ്ഞ് അതിനെ എതിര്‍ത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സ്. ഇപ്പോള്‍ തിരിച്ചു പറയുകയാണ്. ഇത്തരം ഇരട്ടതാപ്പുമാത്രമാണ് കോണ്‍ഗ്രസ്സിന്റെ രീതിയെന്നും ജാവദേക്കര്‍ തുറന്നടിച്ചു.
ഉത്തര്‍പ്രദേശിലേക്ക് 1000 ബസ്സുകളയക്കാം എന്ന് പറഞ്ഞ് ഇരുട്ടില്‍തപ്പിയ കോണ്‍ഗ്രസ്സ് നേതൃത്വം, കേന്ദ്രം 3000 ട്രെയിനുകളിലായി 45 ലക്ഷം കുടിയേറ്റ തൊഴിലാളികളെ വീടുകളിലെത്തിച്ച കാര്യം കണ്ടില്ലെന്നു നടിക്കുന്നതായും ജാവദേക്കര്‍ പരിഹസിച്ചു. 7500 രൂപ വീതം ജനങ്ങളുടെ കയ്യിലേക്ക് നേരിട്ട് എത്തിക്കുന്നില്ലെന്ന നുണ പ്രചരിപ്പിച്ച രാഹുല്‍ രാജ്യത്തെ 80 കോടി ജനങ്ങളിലേക്ക് ഭക്ഷണസാധനങ്ങള്‍ ഒരു മാസത്തിനകം എത്തിയകാര്യം കണ്ടില്ലേ എന്നും ചോദിച്ചു. റേഷന്‍ കാര്‍ഡില്ലാത്ത 10 കോടി കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷണസാധനങ്ങള്‍ നല്‍കി. 20 കോടി വനിതകളുടെ അക്കൗണ്ടിലേക്ക് ഈ ദുരിത കാലത്ത് മൂന്നു ഘട്ടമായി 1500 രൂപ വീതം നല്‍കാന്‍ ഏതു ഭരണകൂടത്തിന് മുമ്പ് സാധിച്ചിട്ടുണ്ടെന്നും ജാവ്‌ദേക്കര്‍ ചോദിച്ചു.
രാജ്യത്തെ 9 കോടി കര്‍ഷകരിലേക്ക് 2000 രൂപാ വീതം എത്തിക്കഴിഞ്ഞു. 8 കോടി ദരിദ്രകുടുംബങ്ങളിലേക്ക് ഈ മാസം മുതല്‍ അടുത്ത മൂന്ന് മാസത്തേക്ക് 3 പാചകവാതക സിലിണ്ടര്‍ വീതം എത്തിതുടങ്ങി.1000 രൂപ വീതം വയോവൃദ്ധര്‍ക്കും ദിവ്യാംഗര്‍ക്കും നല്‍കിക്കഴിഞ്ഞു. ഇതുകൂടാതെ തെരുവു കച്ചവടക്കാര്‍ക്കായി 10,000 രൂപ സഹായധന ത്തിനുള്ള സംവിധാനവും ഒരുക്കിക്കഴിഞ്ഞു. ഇതെല്ലാം മറച്ചുവയ്‌ക്കാനുള്ള കോണ്‍ഗ്രസ്സിന്റെയും രാഹുലിന്റേയും രാഷ്‌ട്രീയതന്ത്രം വിലപ്പോവില്ലെന്നും ജാവദേക്കര്‍ ചൂണ്ടിക്കാട്ടി.