മുംബൈ : കൊറോണയില്‍ ജീവഹാനിസംഭവിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ ശവസംസ്കാരം നടത്തിക്കൊടുക്കാന്‍ ഒരു സ്റ്റാര്‍ട്ടപ് സംരംഭം. പൂനെ കേന്ദ്രീകരിച്ചാണ് ശവസംസ്കാരം നടത്തിക്കൊടുക്കാനായി സറ്റാര്‍ട്ടപ് കമ്പനി രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്.
മരണാനന്തര ചടങ്ങുകള്‍ക്കായി പുരോഹിതന്മാരെ നല്‍കുന്നതോടൊപ്പം മറ്റ് സംവിധാനങ്ങളും ഒരുക്കിക്കൊടുക്കുന്ന കമ്പനിയാണിത്. പൂര്‍ണ്ണമായും ശവസംസ്കാരം നടത്താനുള്ള ക്രമീകരണങ്ങളാണ് കൊറോണ കാലത്ത് സ്ഥാപനം സജ്ജീകരിച്ചിരിക്കുന്നത്. ഗുരുജീ ഓണ്‍ ഡിമാന്റ് എന്ന കമ്പനിയുടെ ശവസംസ്കാര സേവനത്തിന് മോക്ഷ സേവാ സര്‍വ്വീസ് എന്നാണ് പേരിട്ടിരിക്കുന്നത്. സമൂഹമാദ്ധ്യമത്തിലൂടെ പൂജാകര്‍മ്മങ്ങള്‍ നടത്താനും കമ്പനി സൗകര്യം ഒരുക്കിയിരിക്കുകയാണ്. കൊറോണ സാമൂഹിക അകലം പാലിക്കേണ്ട സന്ദര്‍ഭങ്ങളിലും തങ്ങളുടെ ആചാരങ്ങള്‍ അനുഷ്ഠിക്കാന്‍ ജനങ്ങള്‍ക്ക് അവസരം നല്കുകയാണുദ്ദേശമെന്നും കമ്പനി അറിയിച്ചു.
കമ്പനി ശവസംസ്ക്കാരത്തിനൊപ്പം നിയമപരമായി പരേതനായ വ്യക്തിയുടെ മരണസര്‍ട്ടിഫിക്കറ്റ് അടക്കം എല്ലാം സേവനങ്ങളും ചെയ്തുകൊടുക്കുമെന്ന് അവകാശ പ്പെടുന്നു. ഇതില്‍ ഉചിതമായ സംസ്ക്കാര സ്ഥലം, മതം അനുസരിച്ച് നടത്തപ്പെടേണ്ട ചടങ്ങുകള്‍ വിവിധ വിഭാഗത്തില്‍പെടുന്ന പുരോഹിതന്മാര് , ആമ്പുലന്‍സ് തുടങ്ങി എല്ലാ സൗകര്യങ്ങളും പരേതന്റെ ബന്ധുക്കള്‍ക്കായി നല്‍കും. മുംബൈ, പൂനെ അടക്കമുള്ള മഹാനഗരങ്ങളില്‍ അണുകുടുംബങ്ങളായി ജീവിക്കുന്നവര്‍ ഒരു മരണം നടന്നാല്‍ അനുഭവിക്കുന്ന വിഷമതകള്‍ പരിഹരിക്കലാണ് ലക്ഷ്യമെന്നും കമ്പനിയുടെ ഉടമസ്ഥര്‍ അറിയിച്ചു. നിലവില്‍ 650 പുരോഹിതന്മാരാണ് കമ്പനിയുടെ സേവനത്തിനായി പട്ടികയിലുള്ളത്. വീടുകളിലെ മറ്റ് പൂജകള്‍ക്കും ആത്മീയ ചടങ്ങുകള്‍ക്കും ഇവരുടെ സേവനം ലഭ്യമാണെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.