ദുബായ്: അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ യോഗം ഇന്ന് നടക്കും. കൊറോണയക്ക് ശേഷം രാജ്യാന്തര തലത്തില്‍ ക്രിക്കറ്റിന്റെ തിരിച്ചുവരവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളുടെ തീരുമാനം എടുക്കാനാണ് യോഗം. നവംബറില്‍ ടി20 ലോകകപ്പ് നടത്താനാകുമോ എന്ന തീരുമാനം ഈ യോഗത്തിലെടുക്കുമെന്നാണറിവ്. അടുത്ത ഐ.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് സൗരവ് ഗാംഗുലി എത്തണമെന്ന നിരവധി പേരുടെ ആവശ്യങ്ങളുടെ പശ്ചാത്തലത്തിലും യോഗം ഏറെ മാദ്ധ്യമശ്രദ്ധ നേടിയിരിക്കുകയാണ്. നിലവില്‍ അധ്യക്ഷനായിട്ടുള്ള മുന്‍ ബിസിസിഐ അംഗം ശശാങ്ക് മനോഹറിന്റെ കാലാവധി തീരുന്നതിനാല്‍ പുതിയ മേധാവിയെ തീരുമാനിക്കുന്ന കാര്യവും യോഗത്തില്‍ ചര്‍ച്ചയാകും.
അന്താരാഷ്‌ട്ര തലത്തിലെ മത്സരങ്ങള്‍ക്കായി വിവിധ രാജ്യങ്ങള്‍ കൊറോണ ലോക്ഡൗണ്‍ ലഘൂകരിച്ചതോടെ തയ്യാറെടുപ്പ് തുടങ്ങി. ഇന്നലെ പരമ്പരകള്‍ക്ക് തുടക്കമിടാനായി വെസ്റ്റിന്‍ഡീസ് ടീം ഇംഗ്ലണ്ടിലെത്തിയത് ആരാധകര്‍ക്ക് ആശ്വസമാണ്. ഇന്ത്യയില്‍ ബി.സി.സി.ഐ വ്യക്തിഗത പരിശീലനങ്ങളും നിയന്ത്രണങ്ങളോടെയുള്ള ടീമിന്റെ പരിശീലനത്തിനും അനുമതി നല്‍കിക്കഴിഞ്ഞു. പന്തില്‍ തുപ്പല്‍ തൊടരുതെന്ന നിയമം കര്‍ശനമായി പാലിക്കാന്‍ ഐ.സി.സി ഇന്നലെയാണ് തീരുമാനവുമെടുത്തത്. അനില്‍കുംബ്ലേ അധ്യക്ഷനായ സമിതിയാണ് സുരക്ഷാ ദൃഷ്ടിയില്‍ പന്തുകളുടെ ഉപയോഗത്തിലെ പുതിയ തീരുമാനം ഐ.സി.സിക്ക് മുമ്പാകെ വച്ചത്.
ഇതിനിടെ ലോക ക്രിക്കറ്റിലെ സ്റ്റാര്‍ മത്സരമായ ഐ.പി.എല്ലിനായി നിഷ്പക്ഷ വേദി ദുബായിയായി നിശ്ചയിക്കുമെന്ന സൂചനയും വരുന്നുണ്ട്. ശ്രീലങ്ക ഐ.പി.എല്ലിന് ആതിധ്യമരുളാന്‍ തയ്യാറാണെന്നും അറിയിച്ചിട്ടുണ്ട്.















