ഇടുക്കി: മഴക്കാലമെത്തിയിട്ടും വെള്ളമില്ലാതെ വരണ്ടുണങ്ങി മൂന്നാര്‍ വട്ടവട മേഖലയിലെ കൃഷിയിടങ്ങള്‍. കൊറോണ പ്രതിസന്ധിയിലും ഓണക്കാല പ്രതിക്ഷയില്‍ കൃഷിയിറക്കിയ നൂറ് കണക്കിന് ഹെക്ടര്‍ പച്ചക്കറികള്‍ കരിഞ്ഞുണങ്ങി നശിച്ചു. കടം വാങ്ങിയും ലോണെടുത്തും ആരംഭിച്ച കൃഷി നശിച്ചതോടെ കടബാധ്യതയിലായ കര്‍ഷകര്‍ ഇനി എന്ത് ചെയ്യണമെന്നറിയാതെ ആശങ്കയിലാണ്.
ശീതകാല പച്ചക്കറി കൃഷിയുടെ കേന്ദ്രമായ വട്ടവടയിലെ കര്‍ഷകര്‍ വിലയിടിവും വിള മോശവും കൊണ്ട് കടുത്ത പ്രതിസന്ധിയില്‍ ആയിരുന്നു. കൊറോണക്കാലം കൂടി എത്തിയതോടെ സ്ഥിതി കൂടുതല്‍ വഷളായി. പ്രതിസന്ധികള്‍ക്ക് നടുവിലും വരുന്ന ഓണക്കാലം ലക്ഷ്യമിട്ട് കര്‍ഷകര്‍ കടംവാങ്ങിയും സ്വര്‍ണ പണയം വെച്ചും കൃഷിയിറക്കി. എന്നാല്‍ കാലാവസ്ഥാവ്യതിയാനം കര്‍ഷകര്‍ക്ക് തിരിച്ചടിയായി. കാലവര്‍ഷം ആരംഭിച്ചിട്ടും ആവശ്യത്തിന് മഴ ലഭിക്കാത്തതിനാല്‍ വട്ടവടയിലെ കര്‍ഷകര്‍ നട്ടു പരിപാലിച്ച ഏക്കറുകണക്കിന് കൃഷികള്‍ കരിഞ്ഞുണങ്ങി.
2,500 ലധികം വരുന്ന കര്‍ഷക കുടുംബങ്ങള്‍ ഏതാണ്ട് 1700 ഹെക്ടറിലധികം സ്ഥലത്താണ് കൃഷി ഇറക്കിയിരിക്കുന്നത്. ഇതില്‍ എഴുന്നൂറ് ഏക്കറിലധികം സ്ഥലം കരിഞ്ഞുണങ്ങിയ അവസ്ഥയിലാണ്. അടിയന്തരമായി സര്‍ക്കാര്‍ ഇടപെട്ട് കര്‍ഷകര്‍ക്ക് സഹായം എത്തിക്കണം എന്നതാണ് ഇവരുടെ ആവശ്യം.