ഐ.എസ്.ആര്‍.ഒ റോക്കറ്റ് വിക്ഷേപണ കേന്ദ്രം ഇനി തമിഴ്‌നാട്ടിലും

Published by
Janam Web Desk

ചെന്നൈ: ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ രംഗത്തിന് വേഗതകൂട്ടാന്‍ ഐ.എസ്.ആര്‍.ഒയുടെ പുതിയ വിക്ഷേപണത്തറ ഒരുങ്ങുന്നു. തമിഴ്‌നാട്ടിലാണ് വിക്ഷേപണത്തറ ഒരുങ്ങുന്നത്. ശ്രീഹരിക്കോട്ടയ്‌ക്ക് പുറമേ തമിഴ്‌നാട്ടിലെ കുലശേഖരപട്ടണമാണ് ബഹിരാകാശ വിക്ഷേപണത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

കുലശേഖരപട്ടണത്തുനിന്നും എസ്.എസ്.എല്‍.വി റോക്കറ്റുകള്‍ക്ക് ദക്ഷിണ ധ്രുവ മേഖലയിലേക്ക് കുതിക്കാന്‍ ദൂരം കുറച്ചുമതി എന്നതാണ് ഗുണമായി ചൂണ്ടിക്കാണിക്കുന്നത്. നിലവില്‍ വിക്ഷേപിക്കുന്ന റോക്കറ്റ് ശ്രീലങ്കയുടെ മേഖലയിലൂടെ സഞ്ചരിക്കേണ്ടി വരില്ലെന്നതാണ് മെച്ചമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. മാത്രമല്ല റോക്കറ്റിലെ ഇന്ധനം കൂടുതല്‍ കത്തിതീരുന്നതും ഒഴിവാകുമെന്നും ഐ.എസ്.ആര്‍.ഒ മേധാവി കെ.ശിവന്‍ പറഞ്ഞു.

വിക്ഷേപണവാഹനങ്ങള്‍ ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിക്കുന്ന സമയത്ത് ശ്രീലങ്കയ്‌ക്ക് മുകളിലൂടെ പോകുന്നത് അപകടമാണ്. റോക്കറ്റിന്റെ കത്തിവീഴുന്ന ഭാഗങ്ങള്‍ ശ്രീലങ്കയുടെ മേഖലയില്‍ വീഴാതിരിക്കാന്‍ തമിഴ്‌നാട് മേഖലയില്‍ നിന്നും വിക്ഷേപണം തീരുമാനിച്ചതെന്നും കെ.ശിവന്‍ ചൂണ്ടിക്കാട്ടി.

500 കിലോഗ്രാം വരെ വരുന്ന ഉപഗ്രഹവിക്ഷേപണം നടത്തുന്ന എസ്.എസ്.എല്‍.വി കുലശേഖരപട്ടണത്തില്‍ നിന്ന് നേരെ 2000 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ബഹിരാകാശമേഖലയിലേക്ക് എത്തും. നിലവിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപണ കേന്ദ്രത്തില്‍ പി.എസ്.എല്‍.വിയും ജി.എസ്.എല്‍.വി എന്നീ വിക്ഷേപണവാഹനങ്ങള്‍ക്കുള്ള രണ്ട് സംവിധാനങ്ങളാണുള്ളത്.

Share
Leave a Comment