ഹോങ്കോംഗ്: അമേരിക്കയുടെ നടപടികള്‍ക്കെതിരെ അതേനാണയത്തില്‍ മറുപടിയുമായി ചൈനയും രംഗത്ത്. ഹോങ്കോംഗിനായി വാദിക്കുന്ന അമേരിക്കന്‍ ഉദ്യോഗസ്ഥന്മാര്ക്ക് വിസ നല്‍കരുതെന്ന നിര്‍ദ്ദേശമാണ് ചൈന നല്‍കിയിരിക്കുന്നത്. അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഹോങ്കോംഗില്‍ പ്രവേശിപ്പിക്കാതിരിക്കാനാണ് ചൈനയുടെ നടപടി. ഹോങ്കോംഗ് ഭരണകൂട ത്തിനാണ് വിസ അനുവദിക്കരുതെന്ന നിര്‍ദ്ദേശം നല്‍കിയത്.
‘ ഹോങ്കോംഗ് വിഷയത്തില്‍ അമേരിക്ക വളരെ മോശമായ പരാമര്‍ശവും ഇടപെടലുമാണ് നടത്തുന്നത്. അന്തരീക്ഷം കൂടുതല്‍ വഷളാവാതിരിക്കാന്‍ അമേരിക്കയുടെ ഉദ്യോഗസ്ഥന്മാര് വരുന്നത് നിയന്ത്രിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.’ ചൈന നല്കിയ നിര്‍ദ്ദേശത്തെ പരാമര്‍ശിച്ചുകൊണ്ട് ദ സൗത്ത് ചൈനാ മോര്‍ണിംഗ് പോസ്റ്റാണ് വാര്‍ത്ത പുറത്തുവിട്ടത്.
ഹോങ്കോംഗിന്റെ സ്വാതന്ത്ര്യം കവര്‍ന്നെടുക്കുന്ന ചൈനീസ് കമ്യൂണിസ്റ്റ് ഭരണകൂട ത്തിനെതിരെ കടുത്ത നടപടി എടുക്കണമെന്ന് ട്രംപിന്റെ നിര്‍ദ്ദേശം വന്നതിന് പിറകേയാണ് ചൈനയുടെ പ്രതികാര നടപടി. അമേരിക്ക ചൈനയുടെ ഉദ്യോഗസ്ഥന്മാരുടെ വിസയിലും നിയന്ത്രണം കൊണ്ടുവന്നിരുന്നു.
ബീജിംഗ് അന്താരാഷ്ട്ര കരാറുകളൊന്നും പാലിക്കുന്നില്ല. ബ്രിട്ടണുമായുള്ള കരാറിന്റെ നഗ്നമായ ലംഘനമാണ് ചൈനീസ് കമ്യൂണിസ്റ്റ് ഭരണകൂടം ഹോങ്കോംഗില്‍ നടത്തി യിരിക്കുന്നത്. ഒപ്പം കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടത്തുന്നത്. ഹോങ്കോംഗിലെ പ്രക്ഷോഭകാരികള്‍ക്ക് നേരെ എല്ലാ ജനാധിപത്യ മര്യാദകളും ലംഘിച്ചാണ് ചൈന സമ്മര്‍ദ്ദം ചെലുത്തുന്നതെന്നും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആരോപിച്ചിരുന്നു.