ലക്നൗ: സംസ്ഥാനത്തെ സാമ്പത്തിക ശക്തിയായി ഉയര്‍ത്താന്‍ പുതിയ നീക്കങ്ങളുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഉത്തര്‍പ്രദേശില്‍ മൈക്രോസോഫ്റ്റിന്റെ 40,000 എംപ്ലോയ് ക്യാംപസ് സ്ഥാപിക്കുമെന്ന് യോഗി സര്‍ക്കാര്‍ അറിയിച്ചു.
മൈക്രോസോഫ്റ്റ് ഇന്ത്യാ എംഡി രാജീവ് കുമാറുമായി എംഎസ്എംഇ മന്ത്രി സിദ്ധാര്‍ത്ഥ് നാഥ് സിംഗ് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സംസ്ഥാനത്ത് മൈക്രോസോഫ്റ്റിന് ബിസിനസ് എളുപ്പമാക്കുന്നതിന് വേണ്ട എല്ലാ നടപടികളും സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. മൈക്രോസോഫ്റ്റിന് വേണ്ട എല്ലാ സഹായങ്ങളും നല്‍കുമെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
കമ്പനിയുടെ ഉത്തരേന്ത്യാ ക്യാംപസ് ഗ്രേറ്റര്‍ നോയിഡയിലേക്ക് മാറ്റാന്‍ ആഗ്രഹിക്കുന്നുവെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചിട്ടുണ്ട്. ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിലാണ് നിലവില്‍ മൈക്രോസോഫ്റ്റിന്റെ ക്യാമ്പസുകളുള്ളത്. ഗ്രേറ്റര്‍ നോയിഡയെ ആഗ്രയുമായി ബന്ധിപ്പിക്കുന്ന യമുന എക്സ്പ്രസ് ഹൈവേയോട് ചേര്‍ന്ന് ജേവര്‍ ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിന് സമീപം ഇലക്ട്രോണിക് മാനുഫാക്ചറിംഗ് പാര്‍ക്ക് നിര്‍മ്മിക്കാന്‍ സംസ്ഥാനം പദ്ധതിയിടുന്നുണ്ട്. മൈക്രോസോഫ്റ്റിന് പുറമെ വിപ്രോ, ടാറ്റ കണ്‍ള്‍ട്ടന്‍സി സര്‍വ്വീസ്, ഹയര്‍ എന്നീ കമ്പനികളുമായും നിക്ഷേപവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നുണ്ട്.