ഇക്കഴിഞ്ഞ ലോക് ഡൗണിൽ ചക്കയായിരുന്നു താരം . ചക്ക പായസം മുതൽ ചക്ക ഷേയ്‌ക്ക് വരെ പരീക്ഷിച്ചവരാണ് നമ്മൾ . ചുള മുതൽ കുരു വരെ ഉപയോഗിക്കാൻ സാധിക്കുന്ന ഏക ഫലമാണ് ചക്ക. നാടൻ രുചിഭേദങ്ങൾ തൊട്ട് വിദേശ രുചികൾ വരെ തീന്മേശയിൽ എത്തിയ കാലം ലോക് ഡൗണിൽ മാറിയപ്പോൾ രുചിക്കൂട്ടിന്റ്റെ മാറ്റ് കൂട്ടാൻ തിളങ്ങി നിന്ന താരം ചക്ക തന്നെയായിരുന്നു .വേറിട്ട വിഭവമായ ചക്കക്കുരു ചമ്മന്തിയാവട്ടെ ഇന്നത്തെ നമ്മുടെ സ്പെഷ്യൽ
ചക്കക്കുരു ചമ്മന്തി തയ്യാറാക്കാൻ വേണ്ടുന്ന സാധനങ്ങൾ :
ചക്കക്കുരു : 6 – 7 എണ്ണം , തേങ്ങ ചിരകിയത് : ഒരു കപ്പ് , വറ്റൽ മുളക് : എരിവ് വേണ്ടുന്ന കണക്കിൽ, ചുവന്നുളളി , കറിവേപ്പില , വെളുത്തുള്ളി , ഉപ്പ് , വെളിച്ചെണ്ണ എന്നിവ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു ചീനച്ചട്ടിയിൽ ചെറുതീയിൽ ചക്കക്കുരു വറുത്തെടുക്കുക . അതെ ചീനച്ചട്ടിയിൽ തന്നെ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് വറ്റൽ മുളക്, ചുവന്നുള്ളി , കറിവേപ്പില , വെളുത്തുള്ളി എന്നിവ മൂപ്പിച്ചെടുക്കുക . അതിന് ശേഷം വറത്തു വെച്ചിരിക്കുന്ന ചക്കകുരുവിന്റെ തൊലി നീക്കുക . തൊലി കളഞ്ഞ വറത്ത ചക്കക്കുരുവും, ആവശ്യത്തിന് ഉപ്പും, മൂപ്പിച്ച ചുവന്നുള്ളി, വെളുത്തുള്ളി, വറ്റൽ മുളക്, വെളുത്തുള്ളി , കറിവേപ്പില എന്നിവ എണ്ണയോട് കൂടി ചിരകി വെച്ചിരിക്കുന്ന തേങ്ങയിലേക്ക് ചേർത്ത് നന്നായി അരച്ചെടുക്കുക. രുചികരമായ ചക്കക്കുരു ചമ്മന്തി തയ്യാർ.