കൊച്ചി : തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റ് ഓഫീസിലെ ആവശ്യപ്രകാരമാണ് കസ്റ്റംസ് ഓഫീസുമായി ബന്ധപ്പെട്ടതെന്ന് സ്വപ്ന സുരേഷ്. സംസ്ഥാന സർക്കാരുമായോ സ്വർണക്കടത്തുമായോ യാതൊരു ബന്ധവുമില്ല. തനിക്കെതിരെ മാദ്ധ്യമ വിചാരണയാണ് നടക്കുന്നതെന്നും സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജിയിൽ വ്യക്തമാക്കുന്നു.
യു.എ.ഇ കോൺസുലേറ്റിൽ സ്തുത്യർഹമായി സേവനമനുഷ്ഠിച്ചു വന്ന ആളാണ് താൻ. 2016 മുതൽ എക്സിക്യൂട്ടീവ് സെക്രട്ടറിയായാണ് ജോലി ചെയ്തു വന്നത്. 2019 ൽ ജോലി രാജിവെച്ചു. കോൺസുലേറ്റ് ജനറലിന്റെ ചാർജ് വഹിച്ചിരുന്ന റഷീദ് ഖമീസ് അൽ ഷിമേലിയുടെ ആവശ്യപ്രകാരം തുടർന്നും കോൺസുലേറ്റുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യാറുണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ടാണ് കാർഗോ താമസിച്ചതിനെപ്പറ്റി അന്വേഷിച്ചത്. പിന്നീട് കാർഗോ തുറന്നപ്പോൾ അതിൽ സ്വർണം കണ്ടെത്തുകയായിരുന്നു. ഇതിൽ താൻ യാതൊരു കുറ്റവും ചെയ്തിട്ടില്ലെന്നും പെറ്റീഷനിൽ പറയുന്നു. അസിസ്റ്റന്റ് കമ്മീഷണറുമായി ഫോണിൽ ബന്ധപ്പെട്ടത് കോൺസുലേറ്റ് ജനറലിന്റെ ചാർജ് ഉള്ള ആളിന്റെ ആവശ്യപ്രകാരമാണെന്നും ഹർജിയിൽ പറയുന്നു.
സംസ്ഥാന സർക്കാരുമായി യാതൊരു ബന്ധവുമില്ല. ജോലി ചെയ്യുന്നത് പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് ലിമിറ്റഡ് എന്ന കമ്പനിയിലാണ്. ഐ.ടി ഡിപ്പാർട്ട്മെന്റിന്റെ ഭാഗമായുള്ള പ്രോജക്ട് ജോലി ചെയ്യുന്ന കമ്പനിയാണത്. അതല്ലാതെ സംസ്ഥാന സർക്കാരുമായും സ്വർണക്കടത്തുമായും യാതൊരു ബന്ധവുമില്ല. തനിക്കെതിരെ മാദ്ധ്യമ വിചാരണ നടക്കുകയാണ്. ഇത് സുപ്രീം കോടതി മാർഗ്ഗ നിർദ്ദേശങ്ങളുടെ ലംഘനമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.