ലഖ്നൗ : പതിനൊന്ന് കൊലപാതക്കേസുകളുൾപ്പെടെ അറുപതോളം കേസുകളിൽ പ്രതിയായിരുന്നു ഇന്ന് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട യുപിയിലെ അധോലോക കുറ്റവാളി വികാസ് ദുബെ. കമ്യൂണിസ്റ്റ് ഭീകര സംവിധാനം പോലെ ഒരു ഗ്രാമം മുഴുവൻ ഇയാളുടെ നിയന്ത്രണത്തിലായിരുന്നു. കാൺപൂരിലെ ബിക്രു ഗ്രാമം ദുബെയുടെ ഗ്രാമം എന്ന് തന്നെയാണ് അറിയപ്പെട്ടിരുന്നത്.
1990 ൽ ക്രിമിനൽ പ്രവർത്തനങ്ങൾ ആരംഭിച്ച ദുബെ താമസിയാതെ കൊടും കുറ്റവാളിയായി മാറുകയായിരുന്നു. സ്വന്തമായി ഒരു ഗ്യാങ്ങ് വളർത്തിയെടുത്ത ഇയാൾ രാഷ്‌ട്രീയ പാർട്ടികൾക്കു വേണ്ടി കൊല്ലാൻ തയ്യാറായതോടെ പെട്ടന്ന് തന്നെ രാഷ്‌ട്രീയത്തിലേക്കുമെത്തി. ബിഎസ്‌പിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന ദുബെ സമാജ്‌വാദി പാർട്ടിയിൽ അംഗമാണെന്ന് ഇയാളുടെ അമ്മ മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
2001 ൽ യുപി സഹമന്ത്രിയായിരുന്ന ബിജെപി നേതാവ് സന്തോഷ് ശുക്ലയെ പൊലീസ് സ്റ്റേഷനിൽ വച്ച് കൊലപ്പെടുത്തിയ ദുബെ പക്ഷേ ശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടു. ഇയാൾക്കെതിരെ തെളിവില്ലെന്നായിരുന്നു വിധി. പിന്നീട് വലുതും ചെറുതുമായ നിരവധി കുറ്റകൃത്യങ്ങൾ ചെയ്ത് കിരീടം വയ്‌ക്കാത്ത രാജാവായി ജീവിച്ചു.
ഉത്തർപ്രദേശിൽ യോഗി സർക്കാർ അധികാരത്തിലേറിയതോടെ ഗുണ്ടകൾക്കെതിരെ ശക്തമായ അടിച്ചമർത്തൽ ആരംഭിച്ചതാണ് ദുബെക്ക് വിനയായത്. എങ്കിലും സ്വന്തമായ സംവിധാനങ്ങളും എന്തിനും പോന്ന അണികളും തനിക്ക് സുരക്ഷയൊരുക്കുമെന്ന് ഇയാൾ കരുതിയിരുന്നു. എന്നാൽ നേരത്തെ രജിസ്റ്റർ ചെയ്ത ഒരു കേസിലെ അന്വേഷണം കടുപ്പിച്ചതോടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് ഇയാൾക്ക് അറിയാമായിരുന്നു.
ദുബെയെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാരെ ക്രൂരമായി വധിച്ചതോടെ പൊലീസ് അതിശക്തമായി തന്നെ ദുബെ സംഘത്തിനെതിരെ തിരിഞ്ഞു. എട്ട് പൊലീസുകാർ കൊല്ലപ്പെട്ടതിൽ മൂന്നു പേരെ അതിഭീകരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു ദുബെയുടെ സംഘം. മൂന്ന് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് നടന്ന സമഗ്രമായ അന്വേഷണത്തിൽ കൊലപാതകത്തിൽ പങ്കുള്ള ദുബെയുടെ ആറു കൂട്ടാളികളെ പൊലീസ് ഏറ്റുമുട്ടലിൽ വധിച്ചു. ഗത്യന്തരമില്ലാതെ മദ്ധ്യപ്രദേശിലെ ഉജ്ജയിൻ മഹാകാൽ ക്ഷേത്രത്തിലെത്തിയ ദുബെയെ അവിടുത്തെ സെക്യൂരിറ്റി ജീവനക്കാരൻ പിടികൂടി പൊലീസിലേൽപ്പിക്കുകയായിരുന്നു.മദ്ധ്യപ്രദേശിൽ നിന്ന് യുപിയിലേക്ക് കൊണ്ടുപോകുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച ദുബെ പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെടുകയും ചെയ്തു.
പൊലീസ് റെയ്ഡിന്റെ വിവരങ്ങൾ ദുബെക്ക് ചോർത്തിക്കൊടുത്ത പൊലീസുകാർ നിലവിൽ സസ്പെൻഷനിലാണ്. സഹപ്രവർത്തകരെ ഒറ്റുകൊടുത്ത ഇവരുടെ നടപടി പൊലീസ് സേനയിൽ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. ശക്തമായ നടപടികൾ ഇവർക്കെതിരെ എടുക്കാനാണ് യോഗി സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്.















