ന്യൂഡല്‍ഹി : അന്വേഷണ സംഘത്തിന് കുറ്റപത്രം സമര്‍പ്പിക്കാന്‍ കാലാവധി നീട്ടി നല്കിയ കീഴ്ക്കോടതി വിധിക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായ ഷര്‍ജീല്‍ ഇമാം സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. ഡല്‍ഹി ഹൈക്കോടതിയാണ് ഷര്‍ജീലിന്റെ ഹര്‍ജി തള്ളിയത്. ജസ്റ്റിസ് വി കാമേശ്വര് റാവുവാണ് ഹര്‍ജി തള്ളിക്കൊണ്ടുള്ള വിധി പ്രസ്താവിച്ചത്.
ഹൈക്കോടതി സിംഗിള്‍ ബെഞ്ച് മുന്‍പാകെയാണ് ഷര്‍ജീല്‍ ഇമാം കീഴ്ക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ട് ഹര്‍ജി സമര്‍പ്പിച്ചത്. കൂടുതല്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം നല്കിയ അപേക്ഷ തൃപ്തികരമായതിനാലാണ് കോടതി സമയം അനുവദിച്ചതെന്ന് ഹര്‍ജി പരിഗണിക്കവേ സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. കോടതിയുടെ ഉത്തരവ് ശരിയായ കേസ് അന്വേഷണത്തിനുള്ള സാഹചര്യം ഒരുക്കുമെന്നും കോടതി പറഞ്ഞു.
ജനുവരി 28 നാണ് രാജ്യദ്രോഹക്കുറ്റത്തിന് യുഎപിഎ ചുമത്തി ഷര്‍ജീല്‍ ഇമാമിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നാളിതുവരെയായി ഇമാം കസ്റ്റഡിയില്‍ തുടരുകയാണ്. ഇതിനിടെ കസ്റ്റഡി കാലാവധി അവസാനിച്ചതായി ചൂണ്ടിക്കാട്ടി ഇമാം കോടതിയെ സമീപിച്ചെങ്കിലും ജാമ്യാപേക്ഷ കോടതി തള്ളി കസ്റ്റഡി കാലാവധി നീട്ടികൊണ്ട് ഉത്തരവിടുകയായിരുന്നു. ഇതിനിടെ കസ്റ്റഡി കാലാവധി നീട്ടിയ ഉത്തരവ് ചോദ്യം ചെയ്ത് ഇമാം സമര്‍പ്പിച്ച ഹര്‍ജിയും കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് കുറ്റപത്രം സമര്‍പ്പിക്കാന്‍ കാലാവധി നീട്ടിയതിനെതിരെ ഇമാം ഹൈക്കോടതിയെ സമീപിച്ചത്.
അതേസമയം നിശ്ചിത കാലയളവിനുള്ളില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ ഇമാമിന് ജാമ്യത്തിനായുള്ള അര്‍ഹതയുണ്ടെന്ന് അഭിഭാഷക റബേക്ക ജോണ്‍ കോടതിയില്‍ വാദിച്ചു. ഇത് കൂടാതെ കസ്റ്റഡിയില്‍ ഇരിക്കെ 15 ദിവസം കൂടുമ്പോള്‍ ഇമാമിനെ അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയിരുന്നില്ലെന്നും റബേക്ക കോടതിയില്‍ പറഞ്ഞു. എന്നാല്‍ കൊറോണയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ കേസ് അന്വേഷണം നടത്താന്‍ പോലീസിന് കഴിയില്ലെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അമാന്‍ ലേഖിയും വ്യക്തമാക്കി. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി കേസ് അന്വേഷണം നടത്തുക അസാദ്ധ്യമാണ്. അതിനാല്‍ ഷര്‍ജീല്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളണമെന്നും ലേഖി കോടതിയോട് ആവശ്യപ്പെട്ടു.