തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ഫോണ്‍ വിളികള്‍ സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി. കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊറോണ അവലോകന യോഗത്തിന് ശേഷം ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തില്‍ മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
ശിവശങ്കറിന്റെ ഫോണ്‍ ബന്ധങ്ങള്‍ സര്‍ക്കാര്‍ അന്വേഷിക്കും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. നിലവില്‍ സസ്പെന്റ് ചെയ്യേണ്ട സാഹചര്യമില്ല. വസ്തുതകളുടെ അടിസ്ഥാനത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട് സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവരുടെ ഫോണ്‍ സംഭാഷണങ്ങളുടെ വിവരം അന്വേഷണ സംഘം ഇന്ന് ശേഖരിച്ചിരുന്നു. ഇതില്‍ നിന്നും സ്വപ്നയും സരിത്തും ശിവശങ്കറുമായി ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് ശിവശങ്കറിനെ സസ്പെന്റ് ചെയ്യണമെന്ന ആവശ്യം ശക്തമായി ഉയരുന്ന സാഹചര്യത്തില്‍ കൂടിയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
അതേസമയം ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ചോദ്യം ചെയ്യലില്‍ ശിവശങ്കറിനെതിരെ നിര്‍ണ്ണായക തെളിവുകള്‍ കസ്റ്റംസിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.