ബാരാമുള്ള: വെടിവെയ്പ്പുകളില്‍ നിന്നും ഇനി ഗ്രാമീണരെ രക്ഷിക്കല്‍ സൈന്യത്തിന്റെ മുഖ്യലക്ഷ്യം. ജമ്മുകശ്മീരില്‍ പാകിസ്താന് തുടര്‍ച്ചയായി നടത്തുന്ന വെടിനിര്‍ത്തലുകളെ പ്രതിരോധിക്കാനാണ് സൈന്യം സംവിധാനമൊരുക്കുന്നത്. അതിര്‍ത്തി മേഖലകളിലെ ഗ്രാമീണര്‍ക്കായി വീടുകളോടും കൃഷിയിടങ്ങളോടും ചേര്‍ന്ന് ബങ്കറുകള്‍ സൈന്യം നിര്‍മ്മിച്ചു നല്‍കും.
കനത്ത ഷെല്ലാക്രമണങ്ങളെ തടയാന്‍ ബങ്കറുകളല്ലാതെ മാര്‍ഗ്ഗമില്ലെന്നാണ് സൈന്യം പറയുന്നത്. സാമൂഹിക ബങ്കറുകളാണ് നിര്‍മ്മിക്കാന്‍ തുടങ്ങിയിരിക്കുന്നത്. ബാരമുള്ള മേഖലയിലെ അതിര്‍ത്തിയിലെ നിയന്ത്രണരേഖയ്ക്ക് സമീപമുള്ള ഗ്രാമങ്ങളിലാണ് നിരവധി പേര്‍ക്ക് ദിവസങ്ങളോളം രക്ഷനേടാന്‍ പാകത്തിനുളള ബങ്കറുകള്‍ നിര്‍മ്മിക്കുന്നത്.
‘ബങ്കറുകള്‍ എല്ലാ സംവിധാനങ്ങളോടെയും കൂടിയാണ് തയ്യാറാക്കുന്നത്. നിരവധി ദിവസം താമസിക്കാന്‍ സാധിക്കുന്ന വിധമാണ് അകത്തളം ഒരുക്കുന്നത്. ഒരു സാമൂഹ്യ ബങ്കറിന് 10 ലക്ഷം രൂപയോളം ചിലവ് വരും. ഒരു ശൗചാലയമടക്കം രണ്ടു റൂമുകള്‍ വരെ ഭൂമിക്കടിയിലെ ബങ്കറിനകത്തുണ്ടാകും’ ജമ്മുകശ്മീരിലെ പൊതുനിര്‍മ്മാണ വകുപ്പിലെ എഞ്ചിനീയറായ ജാവേദ് അഹമ്മദ് വ്യക്തമാക്കി.
നിലവില്‍ 18 സാമൂഹിക ബങ്കറുകളാണ് നിര്‍മ്മിക്കുന്നത്. ബോനിയാറിലും ഉറിയിലുമുള്ള 6 എണ്ണത്തിന്റെ നിര്‍മ്മാണം അവസാനഘട്ടത്തിലാണെന്നും സൈന്യം അറിയിച്ചു. ആദ്യമായാണ് ഉറി മേഖലയില്‍ സൈന്യം ബങ്കറുകള്‍ പൊതുജനങ്ങള്‍ക്കായി നിര്‍മ്മിക്കുന്നത്.