ന്യൂഡല്‍ഹി: വികാസ് ദുബെയെ വധിച്ച സംഭവത്തിലെ അന്വേഷണ കമ്മീഷനെ നിയമിക്കാന്‍ സുപ്രീം കോടതി തീരുമാനം. അധോലോക നായകനും കൊടുംകുറ്റവാളിയുമായിരുന്ന വികാസ് ദുബെയെ രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായാണ് ഉത്തര്‍പ്രദേശ് പോലീസ് അറിയിച്ചത്. സുപ്രീം കോടതിയുടെ നിര്‍ദ്ദേശം അംഗീകരിക്കുന്നതായും മൂന്നംഗ കമ്മീഷന് എല്ലാ സഹായങ്ങളും നല്‍കുമെന്നും ഉത്തര്‍പ്രദേശ് ആഭ്യന്തരവകുപ്പറിയിച്ചു.
കമ്മീഷന്‍ അംഗങ്ങളായി വിരമിച്ച ഒരു സുപ്രീം കോടതി ജഡ്ജി നേതൃത്വം കൊടുക്കുന്ന മൂന്നംഗങ്ങളാണുണ്ടാവുക. ചീഫ് ജസ്റ്റിസ്. എസ്.എ. ബോബ്‌ഡേയും ജഡ്ജിമാരായ എ.എസ്.ബൊപ്പണ്ണ, വി.രാമസുബ്രമണ്യന്‍ എന്നിവരടങ്ങുന്ന ബഞ്ചാണ് കേസ് പരിഗണിച്ചത്. നിലവിലെ ഒരു ജഡ്ജി അടങ്ങുന്ന പാനല്‍ വേണമെന്ന് പരാതിക്കാരുടെ ആവശ്യമാണ് ചീഫ് ജസ്റ്റിസ് തള്ളിയത്. നിലവിലെ കേസ്സുകളുടെ ബാഹുല്യം കാരണം ഒരു മുഴുവന്‍ സമയ ജഡ്ജിയുടെ സമയം ഉപയോഗിക്കാനാകില്ലെന്നും ബോബ്‌ഡേ പറഞ്ഞു.
കമ്മീഷനില്‍ വിരമിച്ച ഒരു ജഡ്ജിക്കൊപ്പം ഒരു മുന്‍ ഡിജിപിയുടെ സേവനവും ലഭിക്കും. നിലവില്‍ വിരമിച്ച ഒരു ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള ഒരു പാനലിനെയാണ് ഉത്തര്‍പ്രദേശ് വച്ചത്. അവരുടെ റിപ്പോര്‍ട്ടുകള്‍ പോലീസുകാരുടെ കൂട്ടക്കൊലയടക്കമുള്ള വിഷയത്തില്‍ സുപ്രീംകോടതിയ്‌ക്ക് മുമ്പാകെ സമര്‍പ്പിച്ചു.















