ശ്രീനഗര്‍ : ലഡാക്ക് അതിര്‍ത്തിയില്‍ പ്രകോപനം തുടര്‍ന്ന് ചൈന. പാംഗോംഗ് സോ പ്രദേശത്തെ ഫിംഗര്‍ 5 ല്‍ ചൈനീസ് സൈന്യത്തിന്റെ സാന്നിദ്ധ്യം ഇപ്പോഴും ഉള്ളതായാണ് റിപ്പോര്‍ട്ടുകള്‍. ഫിംഗര്‍ 5 ല്‍ ചൈനീസ് സൈന്യം പിന്മാറാതെ തുടരുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങള്‍ ഏറെ നിര്‍ണ്ണായകമാണെന്നാണ് വിലയിരുത്തല്‍.
അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ നടന്ന നാലാംവട്ട കമാന്‍ഡര്‍ തല ചര്‍ച്ചയില്‍ ലഡാക്കിലെ അവശേഷിക്കുന്ന തന്ത്രപ്രധാന മേഖലകളില്‍ നിന്നു കൂടി പിന്‍വാങ്ങുന്നത് സംബന്ധിച്ച് ധാരണയായിരുന്നു. ഈ ധാരണകള്‍ ലംഘിച്ചാണ് ചൈനീസ് സൈന്യം ഫിംഗര്‍ 5 ല്‍ ഇപ്പോഴും തുടരുന്നത്. ഫിംഗര്‍ 5 ലെ ചൈനീസ് സൈന്യത്തിന്റെ സാന്നിദ്ധ്യം അധികൃതരില്‍ ആശങ്കസൃഷ്ടിക്കുന്നുണ്ട്.
ഫിംഗര്‍ 5 ലെ ചൈനീസ് സൈന്യത്തിന്റെ സാന്നിദ്ധ്യം സംബന്ധിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ഇന്ത്യന്‍ സൈന്യം ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.
മൂന്നാംവട്ട ചര്‍ച്ചയ്‌ക്ക് ശേഷം ഗോര്‍ഗ, ഹോട്‌സ് സ്പ്രിംഗ്‌സ്, ഗാല്‍വന്‍ താഴ്‌വര എന്നിവിടങ്ങളില്‍ നിന്നും പിന്മാറിയ ചൈനീസ് സൈന്യം പാംഗോംഗ് സോയുടെ ഫിംഗര്‍4, ഫിംഗര്‍ 5 എന്നിവയുള്‍പ്പെടെയുളള തന്ത്രപ്രധാന ഭാഗങ്ങളില്‍ തുടരുകയായിരുന്നു. പ്രദേശങ്ങളില്‍ നിന്നുള്ള പിന്മാറ്റം വേഗത്തിലാക്കണമെന്ന് കഴിഞ്ഞ ഒരു ആഴ്ചയായി ഇന്ത്യ ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ചൈനീസ് സൈന്യം തയ്യാറാകുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.