ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ഹോര്‍ഡിലെ ഭാരവാഹികളുടെ കാലാവധി വിഷയത്തില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. നിലവിലെ ബി.സി.സി.ഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയടക്കമുള്ളവരുടെ കാര്യത്തില്‍ വിധി നിര്‍ണ്ണായകമാകും. ഒരു ഭാരവാഹി 6 വര്‍ഷത്തില്‍ കൂടുതല്‍ തുടര്‍ച്ചയായി ബോര്‍ഡിലിരിക്കാന്‍ പാടില്ലെന്ന കമ്മീഷന്റെ തീരുമാനമാണ് ഗാംഗുലിയ്‌ക്കും മറ്റ് ഭാരവാഹികള്‍ക്കും വിലങ്ങുതടിയാകുന്നത്. ഗാംഗുലിയ്‌ക്ക് പുറമേ ജനറല്‍ സെക്രട്ടറി ജയ് ഷാ, ജോയിന്റ് സെക്രട്ടറിയും മലയാളിയുമായ ജയേഷ് ജോര്‍ജ്ജ് എന്നിവരടക്കം കമ്മീഷന്റെ പട്ടികയില്‍ വരുന്ന സ്ഥാനം വഹിക്കുന്നവരാണ്.
ബി.സി.സി.ഐ അധ്യക്ഷ സ്ഥാനത്തേയക്ക് പരിഗണിച്ച ശേഷം സൗരവ് ഗാംഗുലിയുടെ പ്രവര്‍ത്തനം ഏറെ പ്രശംസ പടിച്ചുപറ്റിയിരുന്നു. എന്നാല്‍ നിബന്ധന പ്രകാരം 6 വര്‍ഷത്തിന് ശേഷം 3 വര്‍ഷം ഒരു ചുമതലയും വഹിക്കരുതെന്ന നയവും നിലവിലെ ഭാരവാഹികള്‍ക്ക് തടസ്സമാണ്. 2019ലാണ് ഗാംഗുലിയും ജയ് ഷായും ചുമതലയേറ്റത്. ഈ വരുന്ന 27-ാം തീയതിയാണ് ഗാംഗുലിയുടെ കാലാവധി അവസാനിക്കുന്നത്. ജയ് ഷായുടേത് ഈ മാസം അവസാനവും ജയേഷിന്റെ കാലാവധി സെപ്തംബര്‍ 23നുമാണ് അവസാനിക്കുക. ഇതിനിടെ ബീഹാര്‍ അസോസിയേഷനും ഐ.പി.എല്ലിനെതിരെ വാതുവെയ്പ്പു കേസ് കൊടുത്ത ആദിത്യ വെര്‍മയും ഗാംഗുലിയ്‌ക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്.
നിരവധി പ്രതിന്ധികളിലൂടെ കടന്നുപോകുന്നതിനാല്‍ ക്രിക്കറ്റിലെ മാറ്റങ്ങള്‍ക്കായി നിലവിലെ ഭരണസമിതിക്ക് തുടരാനുള്ള അനുമതി നല്‍കണമെന്നാണ് ബി.സി.സി.ഐ കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കൊറോണ പ്രതിസന്ധി കണക്കിലെടുത്ത് കോടതി വിധി അനുകൂലമാകുമെന്നാണ് കരുതുന്നത്. പ്രതിന്ധിയിലായ ഐ.പി.എല്ലിന്റെ നടത്തിപ്പിലും ഉടനെയുള്ള ഭാരവാഹിമാറ്റം ബാധിക്കുമെന്നാണ് വിലയിരുത്തല്‍.















