ന്യൂഡല്‍ഹി: മുസ്ലീം സ്ത്രീകളെ പ്രതിസന്ധിയിലാക്കുന്ന മുത്വലാഖ് സാമൂഹിക പ്രശ്‌നമാണെന്ന് മുക്താര്‍ അബ്ബാസ് നഖ്വി. മുത്വലാഖ് എന്നത് തികച്ചും നിയമവിരുദ്ധവും സ്ത്രീവിരുദ്ധവുമായ നടപടിയാണ്. അതിനെതിരെയുള്ള നിയമനടപടികളെ മതത്തിനെതിരാണെന്ന് ദുര്‍വ്യാഖ്യാനം ചെയ്യുകയാണെന്നും കേന്ദ്ര ന്യൂനപക്ഷ കാര്യ വകുപ്പ് മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി ആരോപിച്ചു.
മുത്വലാഖ് വഴി സ്ത്രീകളെ നിരാശ്രയരാക്കി മാറ്റുകയാണ് ഒരു കൂട്ടര്‍ ചെയ്യുന്നത്. സ്ത്രീകളുടെ സുരക്ഷയ്‌ക്കും സ്വാശ്രയത്വത്തിനും പ്രതിജ്ഞാബദ്ധമായ സര്‍ക്കാരാണ് ബി.ജെ.പിയുടേതെന്നും നഖ്വി പറഞ്ഞു. മുത്വലാഖ് നിയമപരമാക്കിയ ആഗസ്റ്റ്-1നെ ഇനി മുതല്‍ സ്ത്രീകളുടെ അവകാശ ദിനമായി ആചരിക്കുമെന്നും നഖ്വി പറഞ്ഞു.
രാജ്യത്ത് മുത്വലാഖ് നിയമപരമായി നിരോധിച്ചതോടെ വിവിധ സംസ്ഥാനങ്ങളിലായി നിരവധി കേസ്സുകളാണ് ഭര്‍ത്താക്കന്മാര്‍ക്കെതിരെ എടുത്തുകൊണ്ടിരിക്കുന്നത്. വിവാഹമോചനം എന്നതിന്റെ പരിധിയില്‍ വരണമെങ്കില്‍ നിയമപരമായ നടപടികളാണ് പൗരന്മാര്‍ പാലിക്കേണ്ടത്. അത്തരം വിഷയങ്ങളിലാണ് മതം അനാവശ്യമായി ഇടപെടുന്നത്. നിയമപരമായി ഒരു സാധുതയുമില്ലാത്ത വിധം പ്രാകൃതമായ നടപടിയാണ് മുത്വലാഖ് വഴി മുസ്ലീംസമുദായത്തില്‍ നടക്കുന്നതെന്നും നഖ്വി ചൂണ്ടിക്കാട്ടി.















