അയോദ്ധ്യ: അയോധ്യയിലെ ക്ഷേത്ര നിര്‍മ്മാണത്തിന്റെ തറക്കല്ലിടലിനൊപ്പം വിതറുന്നത് ബദരീനാഥും റായ്ഗഢ് അടക്കമുള്ളിടത്തെ മണ്ണും ജലവും. ശ്രീരാമക്ഷേത്രത്തിന്റെ ശിലാന്യാസത്തിനായിട്ടാണ് ഇന്ത്യയിലെ തീര്‍ത്ഥ സ്ഥാനങ്ങളിലെ മണ്ണും ജലവും എത്തിയത്.
ക്ഷേത്ര ട്രസ്റ്റിന്റെ കാര്യാലയത്തിലേയ്ക്കാണ് അയോധ്യയിലേയ്ക്ക് ഇന്ത്യയിലെ എല്ലാ പുണ്യസ്ഥല ങ്ങളിലേയും വീരഭൂമികളിലേയും മണ്ണ് എത്തിയിരിക്കുന്നത്.
ബദരീനാഥിലെ മഹാകാലേശ്വര്‍ ക്ഷേത്രം, ഛത്രപതി ശിവാജിയുടെ റായ്ഗഢ് കോട്ട, ശ്രീ രംഗനാഥസ്വാമി ക്ഷേത്രം, ശ്രീ മഹാകാലേശ്വര്‍, സ്വാതന്ത്ര്യത്തിനായി വീരബലിദാനം നടത്തിയ ചന്ദ്രശേഖര്‍ ആസാദിന്റേയും ബിര്സാമുണ്ടയുടേയും ജന്മസ്ഥലം തുടങ്ങി നിരവധി സ്ഥലത്തെ മണ്ണും, നിരവധി പുണ്യനദികളിലെ ജലവും അയോദ്ധ്യയിലേയ്ക്ക് എത്തികഴിഞ്ഞു. മുപ്പതിലേറെ പുണ്യസ്ഥലത്തെ മണ്ണും തീര്‍ത്ഥജലവുമാണ് വന്നിരിക്കുന്നത്.
ആഗസ്റ്റ് അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിദ്ധ്യത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്. ശ്രീരാമന്റെ ചരിത്രം എന്നത് ഭാരതത്തിനെ ഒന്നായിക്കണ്ടുകൊണ്ടുള്ള യാത്രയാണ്. എല്ലാ തീര്‍ത്ഥസ്ഥാനങ്ങളേയും പ്രണമിച്ച ചരിത്രമാണ് ശ്രീരാമനുള്ളത്. അതിനാല്‍ ഇന്ത്യയിലെ ഏറ്റവും സുപ്രധാനമായ അയോദ്ധ്യ നഗരത്തിലെ ശ്രീരാമന്റെ മഹാക്ഷേത്ര നിര്‍മ്മാണത്തിന് എല്ലാസ്ഥലത്തിന്റെ പുണ്യവും ഒത്തുചേരണമെന്നതാണ് തീരുമാനം എന്നും ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു.