ഓണത്തിനുമുൻപേ കേരളത്തിലെത്തിയ മാവേലിയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലെ വൈറൽ താരം. കേരളത്തിലെ സമകാലീന സാഹചര്യവും, റോഡുകളിലെ ശോചനാവസ്ഥയും വ്യക്തമാക്കുന്ന രീതിയിൽ ഒരുക്കിയിരിക്കുന്ന ഈ ഫോട്ടോഗ്രഫി ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ഏറെ ജനശ്രദ്ധ നേടിയിരിക്കുകയാണ്.
പാതാളത്തോളം നീണ്ടു കിടക്കുന്ന റോഡിലെ കുഴികൾ കാരണം മാവേലിക്ക് നേരത്തെ കേരളത്തിൽ എത്താൻ സാധിച്ചു. എന്നാൽ കൊറോണ കാലമായതുകൊണ്ട് അദ്ദേഹത്തിന് ക്വാറന്റീനു ശേഷമേ തന്റെ പ്രജകളെ കാണാൻ സാധിക്കൂ എന്ന ആശയമാണ് ഈ ഫോട്ടോഷൂട്ടിലൂടെ സമൂഹ മാദ്ധ്യമങ്ങളിൽ പ്രദർശിപ്പിച്ചിരിക്കുന്നത്.
തൃശൂർ ജില്ലയിലെ അക്കിക്കാവ് – തിപ്പിലിശ്ശേരി റോഡിലാണ് മാവേലിയുടെ കൗതുകമുള്ള ഫോട്ടോ ഷൂട്ട് നടത്തിയത്. റോഡിന്റെ ഇപ്പോഴത്തെ അവസ്ഥ ശ്രദ്ധയിൽപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഫോട്ടോകൾ ഒരുക്കിയതെന്നു ചിത്രത്തിന്റെ ഫോട്ടോഗ്രാഫറായ ഗോകുൽ ദാസും കൂട്ടുകാരും പറഞ്ഞു.
പൊട്ടി പൊളിഞ്ഞു കിടക്കുന്ന റോഡിലെ ആഴമേറിയ കുഴികൾ മാവേലിയുടെ യാത്രയെ എളുപ്പമാക്കി. അതുകൊണ്ട് ഓണമെത്തുന്നതിനു ഒരു മാസം മുൻപുതന്നെ മാവേലി കേരളത്തിലെത്തി. അപ്രതീക്ഷിതമായി നേരത്തെ എത്തിയ മാവേലി മന്നൻ ഇത്തവണത്തെ ഓണവും പെരുന്നാളും ഒരുമിച്ചു കൂടി ഇവിടെ കഴിയാമെന്നു വിചാരിച്ച് ദേഹത്തെ ചെളിയെല്ലാം തുടച്ച് ഭൂമിയിലേക്ക് കയറിയപ്പോൾ ‘മാസ്ക് എവിടെ’എന്ന ചോദ്യമാണ് കേട്ടത്. ഭൂമിയിലെ കൊറോണ വിശേഷങ്ങളൊന്നും അറിയാത്ത മാവേലി മന്നൻ കൊറോണയ്‌ക്കെതിരായ സുരക്ഷാ ക്രമീകരണങ്ങൾ ഒന്നും തന്നെ സ്വീകരിച്ചിരുന്നില്ല. മാസ്ക്കില്ലാത്ത മാവേലിയെ കണ്ടതോടു കൂടി ആരോഗ്യ പ്രവർത്തകർ ആളെ പൊക്കി ക്വാറന്റീനിൽ ആക്കി.
സമൂഹത്തിലെ ഇപ്പോഴത്തെ സാഹചര്യം വരച്ചു കാട്ടിയ ഈ ഫോട്ടോകൾ ഏറെ ആകർഷണീയമാണ്. പൊട്ടി പൊളിഞ്ഞ റോഡിലെ വെള്ളക്കെട്ടും, മാവേലിയും, കൊറോണയും, ആരോഗ്യ പ്രവർത്തകരും എല്ലാം കൂടി ക്രിയാത്മകമായ ഒരു സമീപനത്തോടു കൂടിയാണ് ഗോകുൽ ദാസും കൂട്ടുകാരും ഈ ഫോട്ടോഗ്രാഫി ഒരുക്കിയിരിക്കുന്നത്.