ബഹിരാകാശത്തും ചന്ദ്രനിലും വരെ തന്റെ സാന്നിധ്യം അറിയിച്ച മനുഷ്യന് കടന്നുചെല്ലാൻ സാധിക്കാത്ത ചില സ്ഥലങ്ങളുണ്ട് ഇന്നുമീ ഭൂമിയിൽ. ഭൂമിയുടെ ഏത് കോണിലും എത്തിച്ചേരാം എന്നത് അതിമോഹമാണ്. മനുഷ്യന് എത്തിച്ചേരാൻ സാധിച്ചില്ലെങ്കിലും നിങ്ങൾക്ക് ഗൂഗിൾ മാപ്പ് വഴി ഈ സ്ഥലങ്ങൾ കാണാം. ചിലയിടങ്ങളിൽ വിലക്കുകൾ ഉണ്ടാകാം. മറ്റുചിലയിടങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട ആളുകൾക്ക് മാത്രം ആയിരിക്കും പ്രവേശനം. രാജ്യസുരക്ഷയ്‌ക്ക് തന്നെ ഭീഷണി ആയേക്കാം എന്നതിനാൽ ചില രാജ്യങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്ക് മനുഷ്യസഞ്ചാരം വിലക്കിയിട്ടുണ്ട്. ഒറ്റപ്പെട്ട ചില ദ്വീപുകളിൽ ആൾക്കാർ പ്രവേശിക്കാൻ തന്നെ മടിക്കാറുണ്ട്. നരഭോജികളായ ഗോത്രവർഗ്ഗക്കാർ അവിടങ്ങളിൽ ഉണ്ടെന്നാണ് പലരുടെയും വിശ്വാസം. ഒരിക്കലും പ്രവേശിക്കാൻ സാധിക്കാത്തതും സഞ്ചാരികൾക്ക് എത്തിപ്പെടാൻ സാധിക്കാത്തതുമായ ചില സ്ഥലങ്ങളെ പരിചയപ്പെടാം..
സ്വാൽബാർഡ് ഗ്ലോബൽ സീഡ് വോൾട്ട്
ഏത് പ്രകൃതിക്ഷോഭം വന്നാലും ഒരു കുലുക്കവും ഇല്ലാത്ത സ്ഥലമാണിത്. വിശ്വസിക്കാൻ കഴിയുന്നില്ല അല്ലേ. സ്വാൾബാർഡ് ഗ്ലോബൽ സീഡ് വോൾട്ട് എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്. നോർത്ത് കടലിൽ സ്ഥിതി ചെയ്യുന്ന സ്പിറ്റ്‌സ്ബർഗ് ബെർജെൻ ദ്വീപിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ചെടികളുമായി ബന്ധപ്പെട്ടുള്ള ഗവേഷണം നടത്തുന്ന ഗവേഷകർക്ക് മാത്രമാണ് ഇവിടെ പ്രവേശനം ഉള്ളത്. മറ്റുള്ളവർക്ക് പ്രവേശനം ഇല്ല.
ഏരിയ 51
അമേരിക്കൻ പട്ടാളത്തിന്റെ ഒരു രഹസ്യ ബേസ് ക്യാമ്പ് ആണ് ഏരിയ 51. യുദ്ധവിമാനങ്ങളും മറ്റും നിർമിക്കുന്ന സ്ഥലം എന്നാണ് പലരും ഈ പ്രദേശത്തെക്കുറിച്ച് പറയുന്നതെങ്കിലും അമേരിക്ക ഈ വാദം തള്ളികളഞ്ഞിട്ടുണ്ട്. ഹോമി വിമാനത്താവളം, ഗ്രോവം നദി, ഡ്രീംലാന്റ്, പാരഡൈസ് റാഞ്ച്, ഹോം ബേസ്, വാട്ടർ ടൗൺ എന്നിങ്ങനെ പല പേരുകളിലും ഈ പ്രദേശം അറിയപ്പെടുന്നു. പുറത്ത് നിന്നുള്ള ആർക്കും തന്നെ ഈ സ്ഥലത്തേക്ക് പ്രവേശനം ഇല്ല.
മജ്ജ് ഗോരെ
റഷ്യയിലെ ബാഷ്‌കോർടോസ്റ്റാൻ റിപ്പബ്ലിക്കിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്തേക്ക് റഷ്യയിൽ ഉള്ളവർക്ക് പോലും പ്രവേശനം ഇല്ല. ഇവിടെ എന്താണ് നടക്കുന്നതെന്ന് പോലും പലർക്കും അറിയില്ല. ആണവകേന്ദ്രമാണെന്നും ആയുധപ്പുരകളാണെന്നും ഒക്കെ ചിലർ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും അവിടെ എന്താണ് ഉള്ളതെന്ന നിഗമനത്തിൽ എത്താൻ പോലും ആർക്കും കഴിഞ്ഞിട്ടില്ല.
നോർത്ത് സെന്റിനൽ ദ്വീപ്
ബംഗാൾ ഉൾക്കടലിൽ ആന്റമാൻ നിക്കോബാർ ദ്വീപിന് സമീപം ഗോത്രവർഗ്ഗക്കാർ താമസിക്കുന്ന ദ്വീപാണിത്. മനുഷ്യരെ കൊന്നുതിന്നുന്ന ആളുകളാണ് ഇവർ എന്ന് പറയപ്പെടുന്നു. പുറത്ത് നിന്ന് ആരെങ്കിലും ദ്വീപിൽ വരികയാണെങ്കിൽ അമ്പും കല്ലുകളും കയ്യിൽ കരുതി അവർ കാത്തിരിക്കുന്നുണ്ടാകും.
ലസോക്‌സ് ഗുഹ
തെക്ക് പടിഞ്ഞാറൻ ഫ്രാൻസിൽ സ്ഥിതി ചെയ്യുന്ന ഈ ഗുഹയിൽ ശിലായുഗത്തിലെ മനുഷ്യർ വരച്ച ചില പെയിന്റിങ്ങുകൾ കാണാൻ സാധിക്കും. ആദ്യം സഞ്ചാരികൾക്ക് പ്രവേശനം ഉണ്ടായിരുന്നുവെങ്കിലും പെയിന്റിങ്ങുകളുടെ സംരക്ഷണം കണക്കിലെടുത്ത് ഇപ്പോൾ പ്രവേശനം ഇല്ല.
സർപ്പ ദ്വീപ്
ബ്രസീലിലെ സാവോ പോളോയിൽ നിന്ന് ആറ് മൈൽ അകലെ സ്ഥിതി ചെയ്യുന്ന ഈ ദ്വീപ് മനോഹരമായ ഒരു സ്ഥലമാണ്. എന്നാൽ ആർക്കും ഇവിടേക്ക് പ്രവേശനം ഇല്ല. പേരുപോലെ തന്നെ സർപ്പങ്ങളുടെ വിഹാരകേന്ദ്രമാണ് ഇത്. ലോകത്തിലെ തന്നെ വിഷമുള്ള മിക്ക സർപ്പങ്ങളും ഇവിടെ ഉണ്ടെന്നാണ് പറയപ്പെടുന്നത്.
Comments