മലയാളിയുടെ ഭക്ഷണശീലം മാറിയത് പൊടുന്നനെ ആണ്. പറമ്പിലും പാടത്തും ഒക്കെ ഉണ്ടായിരുന്നതിനെ പറിച്ചെടുത്ത് വേവിച്ച് കഴിച്ച് പണിക്കു പോയിരുന്ന കാലം കഴിഞ്ഞു. പൊടുന്നനെ ഒരു മഴയത്ത് പൊട്ടിമുളച്ച, നിങ്ങളുടെ പറമ്പില്‍ തലകുമ്പിട്ടു നില്‍ക്കുന്ന പല ചെടികളും പോഷക സമൃദ്ധമാണ്. കടകളില്‍ ദിവസങ്ങളായി ശീതീകരിച്ച് , രാസമരുന്നടിച്ച് വെച്ചിരിക്കുന്ന പച്ചക്കറികള്‍ വലിയ വില കൊടുത്ത് വാങ്ങാന്‍ ഒരുങ്ങും മുന്‍പേ ഇലക്കറികളെ കുറിച്ച് കൂടി അറിയാം.
നമ്മുടെ പറമ്പിലൊക്കെ നിലത്തു പടര്‍ന്ന് വളരുന്ന കുടങ്ങല്‍ കണ്ടാല്‍ ആളൊരു പാവത്താനാണെങ്കിലും ഔഷധഗുണങ്ങളില്‍ മുന്‍പനാണ്. അര്‍ദ്ധവൃത്താകൃതിയിലുള്ള ഇതിന്‍റെ ഇലകള്‍ ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാനും നാഡികളുടെ ആരോഗ്യത്തിനും ഉപകാരപ്രദമാണ്. ഇതിന്‍റെ നീര് ചര്‍മ്മരോഗങ്ങള്‍ക്കും കരള്‍സംബദ്ധമായ രോഗങ്ങളെ ചെറുക്കാനും ഉപയോഗിക്കുന്നു. ആറ്റിന്‍റെ വക്കത്തോ, പറമ്പിലോ വളരുന്ന ഇതിന്റെ ഇല പറിച്ചെടുത്ത് അല്‍പ്പം ഇഞ്ചിയും പച്ചമുളകും പുളിയും തേങ്ങയും കൂടി ചേര്‍ത്തരച്ചു ഒരു ചമ്മന്തി ഉണ്ടാക്കിക്കോളൂ.
ചീര അപരിചിതന്‍ അല്ല . പല തരത്തിലുള്ള ചീരയും നമുക്ക് സുപരിചിതം . ‘പിസോണിയ ആല്‍ബ’ എന്ന ശാസ്ത്ര നാമമുള്ള സൗഹൃദചീര പ്രമേഹത്തിന് അത്യുത്തമമാണെങ്കില്‍, ചുവന്ന ചീരയില്‍ രക്തോല്‍പാദന ഘടകങ്ങള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. രക്തം ശുദ്ധീകരിക്കാനും ഇത് സഹായിക്കുന്നു . സോറിയാസിസ് അസുഖം ഉള്ളവര്‍ ചീര ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. മഞ്ഞപ്പിത്തത്തിന് ചുവന്ന ചീരയുടെ വേര് കഷായം വെച്ച് കഴിക്കുന്നത് നല്ലതാണ് . അപ്പോള്‍ ഇനി ചീര കഴിക്കുമ്പോള്‍ ഇതും കൂടി ഓര്‍ക്കുമല്ലോ .
ഒരു മഴയില്‍ മുളച്ചു പൊന്തുന്ന തകര നാം എല്ലാം കണ്ടിട്ടുണ്ടാവും . ഒരുപാട് ആയുര്‍വേദ ഗുണങ്ങള്‍ ഉള്ള ഇലയാണ് തകരയും . വിഷ ബാധയ്‌ക്കും ചര്‍മ്മത്തില്‍ ഉണ്ടാവുന്ന അസുഖങ്ങള്‍ക്കും രക്തദൂഷ്യത്തിനും എല്ലാം തകര ഒരു ഔഷധമാണ് . ഒരല്‍പ്പം തേങ്ങയും വെളുത്തുള്ളിയും അരച്ച് ചേര്‍ത്ത് തകര തോരന്‍ ഉണ്ടാക്കി നോക്കൂ . ഔഷധ ഗുണം കൊണ്ട് മാത്രമല്ല രുചികൊണ്ടും തകര നമ്മെ അത്ഭുതപ്പെടുത്തും.
തകരയോടൊപ്പം നാം കേട്ടിട്ടുള്ള മറ്റൊരു പേരാണ് തഴുതാമ . ഹൃദയസംബദ്ധമായ അസുഖങ്ങള്‍ക്കും കഫ രോഗ ശല്യത്തിനും അത്യുത്തമമാണിത് . തഴുതാമ തോരനും, ഉപ്പേരിയും,വെച്ച് കഴിക്കാം. പരിപ്പും കൂടി ഇട്ടൊരു കറിയുണ്ടാക്കിയാല്‍ ഉണ്ടല്ലോ … പിന്നെ ഊണിന് വേറൊന്നും വേണ്ട.
മത്തന്‍ ഇലയില്‍ ആയാലും ചേനയുടെ ഇലയില്‍ ആയാലും എല്ലാം കണ്ണിനു വേണ്ട ആരോഗ്യത്തിനുള്ള വിറ്റാമിനുകളും ഫൈബറും കാല്‍സിയവും എല്ലാം അടങ്ങിയിട്ടുണ്ട് . അപ്പോള്‍ ഇലക്കറികള്‍ ഒക്കെ വെച്ച് കഴിച്ചോളൂ. ആരോഗ്യത്തിന് നല്ലതാണ്.
Comments