ജീവിതത്തില്‍ ഭാഷയ്‌ക്കുള്ള സ്വാധീനം വളരെ വലുതാണെന്ന് അറിയാത്തവര്‍ ആരുണ്ട്. ആശയവിനിമയത്തിന് മാത്രമല്ല സ്വഭാവരൂപീകരണവും കാഴ്‌ച്ചപ്പാടുമെല്ലാം രൂപീകരിക്കുന്നതില്‍ ഭാഷ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.
ഒരു കുഞ്ഞിന്റെ കാഴ്‌ച്ചപ്പാടുകള്‍ രൂപമെടുക്കുന്നതിന്റെ ആദ്യഘടകം അവന്റെ വീട് തന്നെയാണ്. എന്നാല്‍ സ്‌കൂളില്‍ പോകുന്നതോടെയാണ് അവന്‍ വ്യത്യസ്തമായി കാര്യങ്ങളെ കാണുന്നതും മനസിലാക്കുന്നതും. അതുവരെ കേട്ട ഭാഷ മാറ്റിവച്ച് കഷ്ടപ്പെട്ട് മറ്റൊരു ഭാഷ മനസിലാക്കി കുഞ്ഞ് ആശയവിനിമയം നടത്തുന്നതിനേക്കാള്‍ എത്രയോ ഗുണകരമാണ് അവന്റെ മാതൃഭാഷയോ എല്ലാവര്‍ക്കും മനസിലാകുന്ന പ്രാദേശികഭാഷയിലോ ആശയവിനിമയം നടത്തുന്നത്.
ദേശീയ വിദ്യാഭ്യാസനയം 2020 ന്റെ ഏറ്റവും പ്രധാന സവിശേഷതകളില്‍ ഒന്ന് അഞ്ചാംക്ലാസ് വരെ മാതൃഭാഷയോ, പ്രാദേശികഭാഷയോ പഠനമാധ്യമമാക്കുക എന്നതാണ്. രാഷ്‌ട്രനിര്‍മാണത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുന്ന ഒരു തീരുമാനമായി ഇതിനെ കാണാം. മാനവ വിഭവശേഷി വികസന പ്രക്രിയയില്‍ തന്നെ ഇത് വലിയ മാറ്റം വരുത്തിയേക്കാമെന്നാണ് വിദഗ്ധാഭിപ്രായങ്ങള്‍. അതുവരെ പറഞ്ഞുനടന്ന ഭാഷയില്‍ നിന്ന് കുഞ്ഞിനെ അടര്‍ത്തിമാറ്റുമ്പോള്‍ സാംസ്‌കാരികമായ വിച്ഛേദവും കൂടി അതിനൊപ്പം നടന്നേക്കും. മാനുഷികമൂല്യങ്ങളും ബന്ധങ്ങളും നിലനിര്‍ത്താന്‍ മാതൃഭാഷയ്‌ക്ക് കഴിയുന്നതുപോലെ മറ്റൊരു ഭാഷയ്‌ക്ക് കഴിയുമെന്ന് തോന്നുന്നില്ല.
മാതൃഭാഷ പഠിക്കുന്നത് ഭാവിതലമുറയ്‌ക്ക് അവരുടെ സ്വന്തം സാമൂഹികവും സാംസ്‌കാരികവുമായ ഒരു ബന്ധം നിലനിര്‍ത്താന്‍ സഹായകമാക്കും. മലയാളത്തില്‍ നിന്നോ അതുപോലെ മറ്റൊരു പ്രാദേശിക ഭാഷയില്‍ നിന്നോ ഇംഗ്ലീഷിലേക്ക് പറിച്ചുനടപ്പെടുമ്പോള്‍ തന്റെ ഭാഷയേക്കാള്‍ കേമം ഇംഗ്ലീഷ് ആണെന്ന ബോധ്യം കൂടിയാണ് കുട്ടിയുടെ മനസില്‍ ഉറപ്പിക്കപ്പെടുന്നത്. ഓരോ പ്രാദേശികഭാഷയിലും പഴഞ്ചൊല്ലുകളും സുഭാഷിതവും പോലെ അവയ്‌ക്ക് മാത്രമായ മൂല്യങ്ങള്‍ നിറഞ്ഞ ചിലതുണ്ട്. ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്താനോ ഇംഗ്ലീഷ് സംസ്‌കാരത്തില്‍ കാണാനാകാത്തതോ ആയ ഇത്തരത്തിലുള്ള മൂല്യബോധങ്ങളില്‍ നിന്നാണ് വിദേശഭാഷയില്‍ തളച്ചിടപ്പെടുന്ന കുട്ടി അകന്നുപോകുന്നത്.
ദേശീയവിദ്യാഭ്യാസനയത്തതില്‍ മാതൃഭാഷ എന്നുമാത്രം പറഞ്ഞിരുന്നെങ്കില്‍ അതിന്റെ പിന്നാലെ രാഷ്‌ട്രീയ, മത പ്രേരിതങ്ങളായ വിവാദങ്ങള്‍ തല പൊക്കുമായിരുന്നു. എന്നാല്‍ മാതൃഭാഷയോ, പ്രാദേശികഭാഷയോ എന്ന് വ്യക്തമാക്കിയത് അത്തരമൊരു സാധ്യത തീര്‍ത്തും ഇല്ലാതാക്കിക്കളഞ്ഞു. മാത്രമല്ല ആത്മനിര്‍ഭര്‍ ഭാരത് എന്ന ആശയത്തിന് ബലം നല്‍കുന്നത് കൂടിയാണ് ഈ തീരുമാനം. കാരണം പ്രാദേശിക ഭാഷയില്‍ വശമുള്ളവന് പ്രാദേശികമായ ഉത്പന്നങ്ങളെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചുമൊക്കെ നല്ല ബോധ്യമുണ്ടാകും. ഉപരിപ്ലവമായി കാര്യങ്ങള്‍ കാണാതെ മനസിലാക്കല്‍ എന്നത് വേരില്‍ നിന്നുതന്നെ തുടങ്ങാനും ഇത് വളരെ സഹായകമാകും.
















Comments