ഇന്നത്തെ കാലത്ത് സ്മാർട്ട് ഫോണുകൾ നേരിടുന്ന ഏറ്റവും വലിയ സുരക്ഷാഭീഷണി ഹാക്കിങ്ങാണ്. യു ആർ എൽ വഴിയും വിവിധങ്ങളായ ആപ്ലിക്കേഷനുകൾ വഴിയും ഹാക്കർമാർ നിങ്ങളുടെ ഫോണിലും ഇടം പിടിച്ചിട്ടുണ്ടാവും. ഹാക്കിങ്ങ് വഴി ബാങ്കിങ് അടക്കമുള്ള നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ചോർത്താൻ അവർക്ക് സാധിക്കും. ഒരുപക്ഷെ നിങ്ങൾ പോലും അറിയാതെയായിരിക്കും നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടത്. പിന്നീട് പണം നഷ്ടപ്പെടുമ്പോഴോ, അല്ലെങ്കിൽ എന്തെങ്കിലും വിവരങ്ങൾ പരസ്യമാവുമ്പോഴൊക്കെയായിരിക്കും പലരും തന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു എന്ന് മനസിലാക്കുന്നത്.
ഇത്തരം ചതിക്കുഴികൾ വൈകി അറിയുമ്പോഴാണ് പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടാകുന്നത്. എന്നാൽ ഫോൺ ഹാക്ക് ചെയ്യപ്പെട്ടാൽ അത് തിരിച്ചറിയാൻ ചില എളുപ്പ മാർഗ്ഗങ്ങളുണ്ട്. അതിൽ ഒന്നാണ് ബാറ്ററിയുടെ ചാർജിന്റെ നിലനിൽപ്പ്. ഫോൺ 100 ശതമാനം ചാർജ് ചെയ്തിട്ടും മണിക്കൂറിനുള്ളിൽ 10 ശതമാനത്തിലേക്ക് എത്തുന്നുണ്ടെങ്കിൽ ഫോൺ ഹാക്ക് ചെയ്യപ്പെട്ടു എന്നാണു അർഥം.
അതുപോലെ ഇന്റർനാഷണൽ നമ്പറുകളിൽ നിന്ന് ഫോൺ കോളുകൾ നിരന്തരമായി വരിക, മൊബൈലിന്റെ ഡാറ്റ ഉപയോഗം വർധിക്കുക, ആപ്ലിക്കേഷനുകൾ അപ്ഡേറ്റ് ആകാതിരിക്കുക തുടങ്ങിയവയും ഹാക്ക് ചെയ്യപ്പെട്ടതിന്റെ സൂചനകളാണ്.
പരിചയമില്ലാത്ത ആപ്ലിക്കേഷനുകൾ ഫോണിൽ കണ്ടാലും ശ്രദ്ധിക്കണം. ഇത് മാൽവെയർ അറ്റാക്കിന്റെ ഭാഗമായിരിക്കും. ചിലപ്പോൾ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തിട്ടും സ്‌ക്രീനിൽ കണ്ടെത്താനാവില്ല. അവയുടെ പ്രവർത്തനത്തിന്റെ സ്പീഡും കുറഞ്ഞിട്ടുണ്ടാവും, പോപ്പ് അപ്പിന്റെ പരസ്യങ്ങളുടെ എണ്ണവും കൂടിയിട്ടുണ്ടാവും. ഇത്തരം കാര്യങ്ങൾ ഫോണിൽ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഫോൺ ഹാക്കിങ്ങിനിരയായി എന്നതിൽ സംശയിക്കേണ്ട. ഇത്തരം പ്രവർത്തനങ്ങൾ സ്മാർട്ഫോണിൽ നേരിടുകയാണെങ്കിൽ ഉടൻ സൈബർ പോലീസിനെ അറിയിച്ച് ഫോണിനുവേണ്ട സുരക്ഷാനടപടികൾ സ്വീകരിക്കുക. കാരണം ഒളിഞ്ഞിരിക്കുന്ന സൈബർ ക്രിമിനലു കളുടെ എണ്ണത്തിൽ ഒരു കുറവും ഇല്ല.
















Comments