കോയമ്പത്തൂര്‍ മൃഗശാലയില്‍ അണലി 33 പാമ്പിന് കുഞ്ഞുങ്ങളെ പ്രസവിച്ചു. നഗരത്തിലെ വി.ഒ.സി പാര്‍ക്ക് കാഴ്ച ബംഗ്ലാവിലാണ് 33 പാമ്പിന് കുഞ്ഞുങ്ങള്‍ക്ക് അണലി ജന്മം കൊടുത്തത്. രണ്ട് ദിവസം മുമ്പായിരുന്നു പ്രസവം. ‘എല്ലാ കുഞ്ഞുങ്ങളും ആരോഗ്യകരമായ അവസ്ഥയിലാണെന്നും പാമ്പുകളെ ആനക്കട്ടി വനംവകുപ്പിന് കൈമാറിയെന്നും കാഴ്ച ബംഗ്ലാവ് ഡയറക്ടര്‍ ശെന്തില്‍ നാഥന് അറിയിച്ചു. എന്നാല്‍ വനത്തില്‍ എല്ലാ പാമ്പിന് കുഞ്ഞുങ്ങള്‍ക്കും ജീവിക്കാന്‍ കഴിഞ്ഞെന്ന് വരില്ല, ഏതെങ്കിലും മൃഗങ്ങള്‍ അവയെ ഭക്ഷണമാക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറയുന്നു.
Tamil Nadu: Russell's Viper gives birth to 33 snakelets at VOC Park Zoo in Coimbatore. The snakelets will be let into Anaikatti forest. pic.twitter.com/DJ2Rx8yV4z
— ANI (@ANI) August 8, 2020
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് മറ്റൊരു പാമ്പ് അറുപത് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയിരുന്നുവെന്നും ശെന്തില്‍ നാഥന് പറഞ്ഞു. ചിത്രങ്ങള്‍ എ എന്‍ ഐ ട്വിറ്ററിലൂടെ പങ്കുവച്ചു. കൊറോണ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ മൃഗശാല അടച്ചിട്ടിരിക്കുകയാണ്. അതേ സമയം കഴിഞ്ഞ ജൂണില്‍ കോയമ്പത്തൂരിലെ കോവില്‍ മേടില്‍ ഒരാളുടെ വീട്ടില്‍ നിന്നും ഉഗ്ര വിഷമുള്ള ഒരു അണലിയെ പിടികൂടിയിരുന്നു.പിടികൂടുന്നതിനിടെ പാമ്പ് 35 പാമ്പുകളെ പ്രസവിച്ചു. പാമ്പുകളെ പിന്നീട് ആനക്കട്ടി വനത്തിലേക്ക് വിട്ടയച്ചു. ആറു മാസക്കാലമാണ് അണലി ഗര്‍ഭം ധരിക്കുന്നത്. മുട്ടയുടെ രൂപത്തില്‍ ആണ് കുഞ്ഞുങ്ങള്‍ പുറത്തു വരുന്നത്. പിന്നീട് മുട്ടത്തോട് പോലെ കാണപ്പെടുന്ന ചര്‍മം ഭേദിച്ച് കുഞ്ഞുങ്ങള്‍ പുറത്തു വരും. 60 പാമ്പിന് കുഞ്ഞുങ്ങളെ വരെ പ്രസവിക്കാന്‍ കഴിയുമെന്നതാണ് അണലിയെ മറ്റു പാമ്പുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. കരയിലെ പ്രസവിക്കുന്ന ഏക വിഷപാമ്പാണ് അണലി.
Comments