കേരളത്തിലെ സവിശേഷമായ നാഗക്ഷേത്രങ്ങള്‍

Published by
ജനം വെബ്‌ഡെസ്ക്

കേരളത്തില്‍ ആദ്യകാലം മുതല്‍ക്കേ നാഗങ്ങളെ ദൈവങ്ങളായി ആരാധിച്ചിരുന്നു. നാഗദൈവങ്ങള്‍ കുടുംബത്തിലെ ദോഷങ്ങള്‍ മാറ്റുമെന്നും കാത്തുരക്ഷിക്കുമെന്നും വിശ്വസിച്ചിരുന്നു. സര്‍പ്പക്കാവുകളും നാഗത്തറയും പഴയകാല തറവാടുകളില്‍ ഇന്നും ബാക്കിയാണ്. കേരളത്തില്‍ അതിപുരാതനമായ ഒരുപാട് നാഗക്ഷേത്രങ്ങളുണ്ട്.. ഏതൊക്കെയാണെന്ന് മനസ്സിലാക്കാം.

മണ്ണാറശാല ക്ഷേത്രം

കാവുകളും കുളങ്ങളും ചിത്രകൂടങ്ങളുമുള്ള മണ്ണാറശാല ക്ഷേത്രം ആലപ്പുഴ ജില്ലയില്‍ കാര്‍ത്തികപ്പള്ളിയിലെ ഹരിപ്പാടാണ് സ്ഥിതി ചെയ്യുന്നത്. വാസുകിയും, സര്‍പ്പയക്ഷിയുമാണ് പ്രധാന പ്രതിഷ്ഠ. ക്ഷേത്രത്തിന് തെക്കുഭാഗത്തായി നാഗയക്ഷിയുടെയും നാഗരാജാവിന്റെയും നാഗചാമുണ്ഡിയുടെയും കരിങ്കല്ലുകൊണ്ട് തീര്‍ത്ത രണ്ടു ക്ഷേത്രങ്ങള്‍ കൂടിയുണ്ട്. ചിത്രകൂടത്തിലാണ് നാഗചാമുണ്ഡി കുടികൊള്ളുന്നത്. ക്ഷേത്രത്തിലെ ഇല്ലത്തെ നിലവറക്കകത്ത് പഞ്ചമുഖ നാഗമായ അനന്തനും കുടികൊള്ളുന്നു. വലിയമ്മയാണ് വര്‍ഷത്തിലൊരിക്കല്‍ ക്ഷേത്രത്തിലെ പൂജകള്‍ നടത്തുന്നത്. പാലും പഴവും, പാല്‍പ്പായസം, പുറ്റും മുട്ടയും, സര്‍പ്പ വിഗ്രഹങ്ങള്‍ സമര്‍പ്പിക്കല്‍ എന്നിവയാണ് പ്രധാന വഴിപാടുകള്‍.

പാമ്പുമേക്കാട്ട്

തൃശ്ശൂര്‍ ജില്ലയിലെ മാളയിലാണ് ഈ നാഗ ക്ഷേത്രം സ്ഥിതിചയ്യുന്നത്. നാഗരാജാവും നാഗയക്ഷിയുമാണ് പ്രധാന പ്രതിഷ്ഠ. കിഴക്കുനിന്ന് പടിഞ്ഞാറോട്ടാണ് ദര്‍ശനം. മേക്കാട് നമ്പൂതിരിയാണ് പൂജ നടത്തുന്നത്. നാഗ ദോഷങ്ങള്‍ മാറാന്‍ വേണ്ട പരിഹാരങ്ങള്‍ ഇവിടെ ചെയ്തു കൊടുക്കുന്നു  .സര്‍പ്പപ്പാട്ട്, പാലും പഴവും, നൂറുംപാലും, എന്നിവയാണ് പ്രധാന വഴിപാടുകള്‍. പ്രധാന പ്രസാദം കോടി വിളക്കിലെ എണ്ണയാണ്. വൃശ്ചികം ഒന്നിനു നടത്താറുള്ള നാഗപൂജ ഏറെ പ്രസിദ്ധമാണ്.

ആമേട ക്ഷേത്രം

സപ്ത മാതൃക്കളെ പ്രധാനമായി പ്രതിഷ്ഠിച്ച കേരളത്തിലെ അപൂര്‍വ്വ നാഗക്ഷേത്രമാണ് എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലുള്ള ആമേട ക്ഷേത്രം. നാഗരാജാവ് നാഗയക്ഷി കാവിലെ ഭഗവതി എന്നിവയാണ് ഉപപ്രതിഷ്ഠകള്‍. സര്‍പ്പദോഷ നിവാരണത്തിനായി ധാരാളം ഭക്തജനങ്ങള്‍ ഇവിടെയെത്തി നാഗപ്രീതി നേടാറുണ്ട്. ഇവിടുത്തെ പൂജാരികള്‍ കുടുംബങ്ങളിലെ ദോഷങ്ങള്‍ മാറാനായി വീടുകളിലെത്തി പൂജ നടത്തി കൊടുക്കാറുണ്ട്.

വെട്ടിക്കോട് നാഗരാജ ക്ഷേത്രം

പ്രമുഖനാഗ ക്ഷേത്രങ്ങളിലൊന്നായ വെട്ടിക്കോട് ശ്രീ നാഗരാജ ക്ഷേത്രം ആലപ്പുഴ ജില്ലയിലെ കായംകുളത്താണ് സ്ഥിതിചെയ്യുന്നത്. മണ്ണ് വെട്ടിക്കൂട്ടി അതിനുമുകളില്‍ നാഗത്തെ പ്രതിഷ്ഠിച്ചതിനാലാണ് ഈ ക്ഷേത്രത്തിന് ഇങ്ങനെയൊരു പേരു വന്നത്. അനന്ത ഭഗവാനും നാഗയക്ഷിയുമാണ് പ്രധാന പ്രതിഷ്ഠ. ഇവിടെ വന്ന് പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് ത്വക്ക് രോഗം മാറുമെന്നാണ് വിശ്വാസം. ധാരാളം നാഗ പ്രതിമകളും ശില്പങ്ങളും ഇവിടെയുണ്ട്. പത്ത് ദിവസമാണ് ഇവിടെ ഉത്സവം നടത്തുന്നത്. പുള്ളുവൻ പാട്ട് , നൂറുംപാലും സര്‍പ്പബലി, ധാര എന്നിവയാണ് പ്രധാന വഴിപാടുകള്‍.

നാഗമ്പൂഴി മന

കോട്ടയം ജില്ലയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നാഗരാജാവും നാഗയക്ഷിയുമാണ് ഇവിടുത്തെ പ്രതിഷ്ഠ. സ്ത്രീകളാണ് ‌നാഗ പൂജ നടത്തുന്നത്. ആയില്യ പൂജയാണ് ഇവിടെ പ്രധാനം. വെള്ള പാണ്ട് മാറുന്നതിനായി ഇവിടുത്തെ വിളക്കിലെ എണ്ണ ഉത്തമമാണ്.

അനന്തന്‍കാട് നാഗരാജ ക്ഷേത്രം

പ്രസിദ്ധമായ ശ്രീ പത്മനാഭ ക്ഷേത്രത്തിന് തൊട്ടു പിറകിലായാണ് അനന്തന്‍കാട് നാഗരാജ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. അനന്തനാണ് ഇവിടുത്തെ പ്രതിഷ്ഠ. കളമെഴുത്തുപാട്ടാണ് പ്രധാനം. കുടുംബ ദോഷങ്ങള്‍ മാറാനായി പാല്‍ , മഞ്ഞള്‍ എന്നിവ കൊണ്ടുള്ള അഭിഷേകം ഇവിടുത്തെ പ്രധാന വഴിപാടാണ്.

Share