കൊടുങ്ങല്ലൂർ വെള്ളപ്പൊക്കത്തെ കുറിച്ചുള്ള ഓർമകൾ, തലമുറകളിലൂടെ കൈമാറി വന്ന ഒരു അനുഭവം പങ്കുവെക്കുന്നു. മുസിരിസിനെ കണ്ണീരിലാഴ്‌ത്തിയ വെള്ളപ്പൊക്കങ്ങൾ 1341ലും 1924ലും ആണെന്നാണ് പറയപ്പെടുന്നത്.
679 വർഷങ്ങൾക്ക് മുമ്പ്, ഇതുപോലൊരു മഴക്കാലമായിരുന്നു അന്നും. എന്നാൽ വെള്ളത്തിന്റെ ഒഴുക്ക് ഇതുപോലെയായിരുന്നില്ല. കിഴക്ക് നിന്നും ഒഴുകി വന്നിരുന്ന വെള്ളം എല്ലാം വെട്ടിപിടിച്ച് കടലിൽ എത്തിച്ചു. പ്രശസ്തമായ മുസിരിസ് തുറമുഖം ഈ വെള്ളപ്പൊക്കത്തിൽ അപ്രത്യക്ഷമായെന്നാണ് പറയുന്നത്. എന്നാൽ അതിനുള്ള തെളിവുകൾ ലഭ്യമല്ല എന്നാണ് പട്ടണം റീസർച്ച് പ്രൊജക്ട് ഡയറക്ടർ ഡോ. പി. ജെ. ചെറിയാൻ പറയുന്നത്. ആഴ്ചകളോളം നീണ്ടുനിന്ന മഴയിൽ തുറമുഖത്ത് ചെളി അടിഞ്ഞുകൂടിയിരിക്കാം. കപ്പലുകൾക്ക് തുറമുഖത്ത് എത്താൻ സാധിക്കാത്തതിനാൽ മുസിരിസ് തുറമുഖത്തിന് തിരശീല വീഴുകയും ചെയ്തു.
ഏകദേശം 679 വർഷങ്ങൾക്ക് മുമ്പ് എല്ലാവരെയും കണ്ണീരിലാഴ്‌ത്തിയ ആ വെള്ളപ്പൊക്കത്തെ പറ്റിയുള്ള എഴുത്തുകളോ രേഖകളോ ഒന്നും തന്നെ ഇപ്പോൾ ഇല്ല. എന്നാൽ 14-)o നൂറ്റാണ്ടിൽ മൊറോക്കൻ സഞ്ചാരിയായ ഇബ്‌നു ബത്തൂത്ത കൊച്ചി, കൊടുങ്ങല്ലൂർ എന്നിവയിലൂടെ സഞ്ചരിക്കാതെ മറ്റു പ്രദേശങ്ങളിലൂടെ സഞ്ചരിച്ചുവെന്ന് പറയപ്പെടുന്നു. ഒരുപക്ഷേ ഈ പ്രദേശങ്ങളിൽ പ്രകൃതിക്ഷോഭത്തിന്റെ ദുരവസ്ഥ കൂടുതൽ ആയതിനാലാവാം.
വിദേശവ്യാപാരങ്ങൾക്ക് വേണ്ടി മുസിരിസ് തുറമുഖം(അഴീക്കോട്) തുറന്നുകൊടുക്കുകയും പിന്നീട് ഇത് 1924ലെ വെള്ളപ്പൊക്കത്തിൽ ചെളി വന്നുമൂടുകയും തുറമുഖത്തേക്ക് കപ്പലുകൾക്ക് അടുക്കാൻ സാധിക്കാതെയുമായി. പിന്നീട് മുസിരിസ് തുറമുഖം എന്നത് ചരിത്രത്തിലെ ഒരേട് മാത്രമായി അവശേഷിച്ചു. തുടർന്ന് കപ്പലുകൾ കൊച്ചി തുറമുഖത്തേക്ക് പ്രവേശിക്കാനും ആരംഭിച്ചു.
99ലെ വെള്ളപ്പൊക്കം എന്നറിയപ്പെടുന്ന 1924ലെ വെള്ളപ്പൊക്കത്തിനെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാണ്. മഴ തുടങ്ങുന്നത് 1924 ജൂലൈ 24നാണ്. മൂന്ന് ആഴ്ചയോളം മഴ തുടർന്നു. പെരിയാർ കരകവിഞ്ഞൊഴുകുകയും ചെയ്തു. കൊടുങ്ങല്ലൂർ ശ്രീകുറുമ്പ ഭഗവതി ക്ഷേത്രമൊഴികെ മറ്റെല്ലാ പ്രദേശങ്ങളും വെള്ളത്തിനടിയിലായി. തിരുവഞ്ചിക്കുളം ശിവക്ഷേത്രത്തിൽ വെള്ളം കയറിയപ്പോൾ കാശിക്ക് തുല്യമായി അമ്പലപ്രദേശം എന്ന വിശ്വാസത്തിന്മേൽ കൊടുങ്ങല്ലൂർ ജനങ്ങൾ അമ്പലത്തിലേക്ക് വരികയും ഗംഗ എന്ന സങ്കൽപ്പത്തിൽ മുങ്ങികുളിക്കുകയും ചെയ്തു.
ഇക്കഴിഞ്ഞ പ്രളയങ്ങളിലൊന്നും തന്നെ കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിലേക്ക് വെള്ളം കയറിയില്ല. ഇതിന്റെ പിന്നിലുള്ള വിശ്വാസം എന്തെന്നാൽ ഭഗവതിയുടെ ജ്യേഷ്ഠത്തിയാണ് കടലമ്മ. കൊടുങ്ങല്ലൂർ ഭഗവതിക്ഷേത്ര പരിസരത്ത് വെള്ളം കൂടി വരുന്ന ദിവസം കർക്കിടകത്തിലെ അഷ്ടമി വരെയാണ്. ഭൂമിയിലെ ജലസമൃദ്ധിക്ക് കോട്ടം വരാതിരിക്കാൻ കർക്കിടകത്തിലെ അഷ്ടമി വരെ കടലമ്മ കടലിലേക്ക് വെള്ളം സ്വീകരിക്കില്ല. പിന്നീടുള്ള ദിവസങ്ങളിൽ മഴയുടെ വെള്ളം കടലിലേക്ക് കടലമ്മ സ്വീകരിക്കുകയും ഭൂമിയിൽ കൂടുതലുള്ള വെള്ളം കടലിലേക്ക് ഒഴുകി പോവുകയും ചെയ്യും.
















Comments