ഇന്ന് ലോക ആന ദിനം

Published by
Janam Web Desk

ലോകത്താകമാനമുള്ള ആനകളെ സംരക്ഷിക്കുന്നതിന് വേണ്ടി ലോകമെമ്പാടും ആചരിച്ചു പോരുന്ന ഒന്നാണ് ലോക ഗജ ദിനം .2011 ൽ കനേഡിയൻ ചലച്ചിത്ര നിർമ്മാതാക്കളായ പട്രീഷ്യ സിംസ്, കാനസ്വെസ്റ്റ് പിക്ചേഴ്സിന്റെ മൈക്കൽ ക്ലാർക്ക്, തായ്‌ലൻഡിലെ എലിഫന്റ് റീഇൻ‌ട്രൊഡക്ഷൻ ഫൗണ്ടഷന്റെ സെക്രട്ടറി ജനറൽ ശിവപോർൺ ദർദരാനന്ദ എന്നിവർ ചേർന്നാണ് ഇത് രൂപകൽപ്പന ചെയ്തത്.

2012 ആഗസ്റ്റ് 12 മുതലാണ് ഔദ്യോഗികമായി ലോക ഗജ ദിനം ആചരിച്ചു പോരുന്നത് . അന്നുമുതൽ, പട്രീഷ്യ സിംസ് ലോക ഗജ ദിനത്തിന് നേതൃത്വം നൽകുകയും നയിക്കുകയും ചെയ്യുന്നു, ഇത് ഇപ്പോൾ 65 ലധികം വന്യജീവി സംഘടനകളുടെയും ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ നിരവധി വ്യക്തികളുടെയും പിന്തുണയോടെ നടത്തി പോരുന്നു .

ആഫ്രിക്കൻ, ഏഷ്യൻ ആനകളുടെ അടിയന്തിര ദുരവസ്ഥയെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, നാട്ടാനകളുടെയും കാട്ടാനകളുടെയും മികച്ച പരിചരണത്തിനും പരിപാലനത്തിനുമായി അറിവും ഗുണപരമായ പരിഹാരങ്ങളും പങ്കിടുക എന്നിവയാണ് ലോക ഗജ ദിനത്തിന്റെ ലക്ഷ്യം. ആനക്കൊമ്പുകൾക്ക് വേണ്ടിയാണ് മിക്കവാറും ആനകൾ വേട്ടയാടപ്പെടാറ് . വനനശീകരണവും , കൂടുതലായി ആളുകൾ കൃഷിക്കും മറ്റാവശ്യങ്ങൾക്ക് വേണ്ടി കാടു കൈയേറി സ്വന്തമാക്കുന്നതും , ആനകളുടെ ആവാസവ്യവസ്ഥക്ക് ദോഷം ഉണ്ടാക്കുകയും വംശനാശത്തിലേക്ക് വഴിതെളിയിക്കുകയും ചെയ്യുന്നു .

ആനകളെ സ്നേഹിക്കുന്നവരാണ് ലോകത്തുള്ള ഭൂരിഭാഗം ജനങ്ങളും . ഒരു കാലഘട്ടത്തിൽ ആനകൾ അനുഭവിച്ചിരുന്നത് ക്രൂരതകൾ മാത്രമാണ് . എന്നാൽ ആ സ്ഥിതി കുറെയൊക്കെ മാറിയിരിക്കുന്നു . നിയമങ്ങളും ആനകളെ സ്നേഹിക്കുന്നവരുടെ കൂട്ടായ്‍മകളും എല്ലാം ചേർന്ന് കൊണ്ട് നല്ലൊരു ജീവിതം അവർക്ക് സമ്മാനിക്കാനായി അഹോരാത്രം പ്രവർത്തിക്കുന്നു . എന്നിരുന്നാലും നമ്മൾ കൂടുതൽ ജാഗ്രത പാലിച്ചില്ലെങ്കിൽ ഗാംഭീര്യവും , പ്രൗഢതയും , ആളുകൾ ഒട്ടധികം ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ആനകൾ ഈ ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമാവാൻ അധിക സമയം വേണ്ടി വരില്ല .

Share
Leave a Comment