വീട്ടിലെ അടുക്കള സ്ഥാനം കൈയ്യേറിയിരിക്കുന്ന വീട്ടമ്മമാരേയും പാചകത്തിൽ താല്പര്യമുള്ള മറ്റുള്ളവരെയും വലയ്‌ക്കുന്ന ഒരു സന്ദർഭമാണ് നല്ല രുചിയും മണവുമുള്ള കറി തയ്യാറാക്കിയ ശേഷം കറിയില്‍ ഉപ്പോ, എരിവോ, പുളിയോ ഒക്കെ കൂടി പോകുന്നത്. പ്രത്യേകിച്ച് ഉപ്പും എരിവും കൂടിയാല്‍ പിന്നെ കറിയിലേയ്‌ക്ക് തിരിഞ്ഞു നോക്കേണ്ടി വരില്ല. എന്തെങ്കിലും ഒന്നു കൂടിപ്പോയാല്‍ പിന്നെ പറഞ്ഞിട്ടു കാര്യമില്ല. ആ കറിയുണ്ടാക്കാന്‍ എടുത്ത എല്ലാ കഷ്ടപ്പാടും വെറുതെയായി.
അതേസമയം കറിയിൽ എന്തെങ്കിലും കുറവാണെങ്കിൽ അത് കൂട്ടാന്‍ കഴിയും. എന്നാല്‍ കൂടി പോയാല്‍ കുറയ്‌ക്കുക അത്ര എളുപ്പവുമല്ല. എന്നാലും കറികളിൽ ഉപ്പ് കൂടിയാല്‍ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകള്‍ നമുക്കൊന്ന് പരിചയപ്പെട്ടാലോ..
- ഉപ്പ് കൂടിയെന്ന് മനസ്സിലായാല്‍ ഉടന്‍ തന്നെ അല്‍പം വെള്ളം ചേര്‍ക്കുക. ശേഷം നന്നായി തിളപ്പിക്കുക.
- ചെറുതായി മുറിച്ച ഉരുളക്കിഴങ്ങ് കഷ്ണങ്ങള്‍ കറിയില്‍ ചേര്‍ത്ത് ഇരുപത് മിനിറ്റോളം വേവാന്‍ അനുവദിക്കുക. തുടര്‍ന്ന് ഇവയെ കറിയില്‍ നിന്ന് മാറ്റിയിടാവുന്നതാണ്.
- വിനാഗിരിയും പഞ്ചസാരയും ചേര്‍ക്കുന്നതിലൂടെയും കറിയിലെ അമിതമായ ഉപ്പിനെ ലഘൂകരിക്കാം. ഒരു ടേബിള്‍ സ്പൂണ്‍ വിനാഗിരിയും ഒരു ടേബിള്‍ സ്പൂണ്‍ പഞ്ചസാരയുമാണ് ചേര്‍ക്കേണ്ടത്.
- തക്കാളിയും ഒരു പരിധി വരെ കറിയിലെ ഉപ്പിനെ നിയന്ത്രിക്കും. ചെറുതായി അരിഞ്ഞ തക്കാളിയോ, അരച്ചെടുത്ത തക്കാളിയോ ചേര്‍ത്ത് അല്‍പനേരം കൂടി കറി വേവിച്ചാല്‍ മതിയാകും.
- സവാള ചേര്‍ക്കുന്നതാണ് മറ്റൊരു പരിഹാരം. കറിയിലേക്ക് പച്ച സവാള മുറിച്ചത് ചേര്‍ത്ത് അല്‍പനേരം അടുപ്പില്‍ തന്നെ വയ്‌ക്കുക. തുടര്‍ന്ന് ഇവ എടുത്തുമാറ്റാവുന്നതാണ്.
- കറിയില്‍ ഉപ്പ് കൂടിയെന്ന് തോന്നിയാല്‍ അല്‍പം തേങ്ങാപ്പാല്‍ ചേര്‍ക്കുന്നതും ഒരു പരിഹാരമാണ്.
- മാവ് കുഴച്ച് ഉരുളകളാക്കി കറിയില്‍ ചേര്‍ക്കുന്നതാണ് മറ്റൊരു മാര്‍ഗം. ശേഷം പത്ത് മുതല്‍ പതിനഞ്ച് മിനുറ്റുകള്‍ വരെ കറി വേവിക്കണം. തുടര്‍ന്ന് ഇവ എടുത്തുമാറ്റാവുന്നതാണ്.
- അധികം പുളിയില്ലാത്ത വെണ്ണയോ തൈരോ ചേര്‍ക്കുന്നതും ഗുണകരമാണ്. എത്ര ഉപ്പാണോ കൂടിയത്, അതിനനുസരിച്ച് ഇവ ചേര്‍ക്കാം.
- കറി അടുപ്പില്‍ നിന്ന് വാങ്ങിവച്ച ശേഷം മരക്കരി വൃത്തിയായി കഴുകിയ ഒരു കോട്ടണ്‍ തുണിയില്‍ പൊതിഞ്ഞ് കറിക്കുള്ളില്‍ ഇടുക. രണ്ടോ മൂന്നോ കരിക്കട്ടകള്‍ ഇങ്ങനെ ഇടണം.അരമണിക്കൂറിനു ശേഷം ഇവ മാറ്റുമ്പോള്‍ കറിക്ക് പാകത്തിനുള്ള ഉപ്പായിരിക്കും ഉണ്ടാകുക.
Comments