നിഷ്കളങ്ക ഭക്തിയുടെ നിറകുടമായിരുന്ന പൂന്താനം

Published by
Janam Web Desk

ഭഗവാൻ കൃഷ്ണനോടുള്ള നിഷ്കളങ്ക ഭക്തിയുടെ ഉത്തമ ഉദാഹരണമാണ് പൂന്താനം നമ്പൂതിരി . അദ്ദേഹത്തിന്റെ ഭക്തിയുടെയും ഭഗവാന് അദ്ദേഹത്തോടുള്ള വാത്സല്യത്തിന്റെയും കഥകൾ ചരിത്ര രേഖകളിൽ ഉടനീളം കാണാൻ സാധിക്കും .

മേല്പത്തൂർ നാരായണ ഭട്ടതിരിയും പൂന്താനം നമ്പൂതിരിയും ഒരേ കാലഘട്ടത്തിൽ ജീവിച്ചിരുന്ന രണ്ട് പ്രതിഭകളാണെന്നുള്ളത് ഏവർക്കും അറിയാവുന്ന കാര്യമാണ് . മേല്പത്തൂർ നാരായണീയവും പൂന്താനം ജ്ഞാനപ്പാനയും രചിച്ചത് ഭഗവാൻ കൃഷ്ണന്റെ മുന്നിൽ വെച്ചാണെന്നുള്ളതും സുപരിചിതം.

വേദ ഭാഷയിൽ ജ്ഞാനം ഇല്ലാതിരുന്ന പൂന്താനം എല്ലാവർക്കും മനസിലാവുന്ന ലളിതമായ ഭാഷയിലാണ് ജ്ഞാനപ്പാന എഴുതിയിരിക്കുന്നത് . പരമാർത്ഥമായ ജീവിത സത്യങ്ങളാണ് ശ്ലോക രൂപത്തിൽ പൂന്താനം വർണ്ണിച്ചിരിക്കുന്നത് . അത്രയും തന്നെ ലളിത ഭാഷയിൽ എഴുതിയിരിക്കുന്ന മറ്റൊരു കൃതിയാണ് സന്താനഗോപാലം പാന .

മലപ്പുറം ജില്ലയിലെ പെരിന്തല്മണ്ണക്കടുത്തുള്ള സ്ഥലത്താണ് പൂന്താനം ജനിച്ചത് . വളരെ ചെറുപ്രായത്തിൽ തന്നെ വിവാഹിതനായ അദ്ദേഹത്തിന് ഏറെക്കാലത്തെ പ്രാർത്ഥനകൾക്ക് ശേഷം ഒരു കുട്ടി ജനിക്കുകയുണ്ടായി . കുഞ്ഞിന്റെ ചോറൂണ് ദിവസം  കുട്ടി മരണപെട്ടു . നടന്ന അത്യാഹിതം പൂന്താനത്തെ കുറച്ചൊന്നുമല്ല വേദനിപ്പിച്ചത് . സങ്കടത്തിൽ മുങ്ങിയ പൂന്താനം ഗുരുവായൂരിൽ ചെന്ന് ഭഗവാനോട് സങ്കടം പറഞ്ഞിരുന്നു. അതിൽ നിന്നാണ് സന്താനഗോപാലം എന്ന പാന എഴുതിയത് .

ആ സമയം അവിടെയുണ്ടായിരുന്ന മേല്പത്തൂരിനോട് തന്റെ പാനയൊന്നു വായിച്ചു തെറ്റ് തിരുത്തി കൊടുക്കാമോ എന്ന് പൂന്താനം ചോദിക്കുകയുണ്ടായി . തന്റെ പാണ്ഡിത്യത്തിൽ ഗർവ് കൊണ്ടിരുന്ന മേല്പത്തൂർ പൂന്താനത്തെ പരിഹസിക്കുകയും പാന നോക്കാൻ വിസമ്മതിക്കുകയും ചെയ്തു . മേല്പത്തൂരിന്റെ ഈ അഹങ്കാരം ഭഗവാന്റെ സന്നിധിയിൽ വെച്ച് നടന്നതിനാൽ , മേല്പത്തൂരിന്റെ ഭക്തിയേക്കാൾ എനിക്ക് പൂന്താനത്തിന്റെ ഭക്തിയാണിഷ്ടം എന്ന് അശരീരി ഉണ്ടാവുകയും ചെയ്തു. താൻ ചെയ്ത തെറ്റിൽ പശ്ചാത്താപം തോന്നിയ മേല്പത്തൂർ ദുഃഖിതനായി ഇരുന്ന പൂന്താനത്തിന്റെ അടുക്കൽ ചെല്ലുകയും , അദ്ദേഹത്തെ സമാശ്വസിപ്പിച്ചു കൊണ്ട് പാന തിരുത്തി കൊടുക്കുകയും ചെയ്തു .

കുഞ്ഞിനെ നഷ്ടപെട്ട നാൾ മുതൽ ഗുരുവായൂരിൽ തങ്ങിയിരുന്ന പൂന്താനം അവിടെ നടക്കുന്ന ഭാഗവത പാരായണങ്ങൾ എല്ലാം ശ്രവിക്കുകയും , ഭാഗവതത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ലളിതമായ ഭാഷയിൽ വർണ്ണിക്കാൻ പഠിക്കുകയും ചെയ്തു . ഭാഗവതം വായിക്കുമ്പോൾ കൂടെ ഇരുന്ന് കഥകൾ വിസ്തരിക്കാൻ തുടങ്ങിയ പൂന്താനം പിന്നീട് അതിൽ പ്രശസ്തനാവുകയും ചെയ്തു .

എല്ലാവരാലും ആദരണീയനായി തീർന്ന പൂന്താനത്തിന് ഗുരുവായൂരിൽ നടന്നു പോരുന്ന അന്നദാനത്തിന് പ്രധാന സ്ഥലത്ത് ഇരിക്കാനുള്ള സമ്മതം സ്വമേധയാ വന്നു ഭവിച്ചു . അങ്ങിനെ ഒരു ദിവസം പൂന്താനം എന്നത്തേയും പോലെ പ്രധാന സ്ഥാനത്തു ചെന്നിരിക്കുകയും , മറ്റൊരു വിശിഷ്ടാതിഥി ഉള്ളതിനാൽ പൂന്താനം ആസ്ഥാനം ഒഴിഞ്ഞു കൊടുക്കണം എന്നും , കൊടുക്കാതിരുന്നതിനാൽ വലിച്ചെഴുന്നേൽപ്പിക്കുകയും ചെയ്തു .

തനിക്കു അനുഭവിക്കേണ്ടി വന്ന അഭിമാനക്ഷതത്തിൽ ദുഃഖിതനായി നിന്ന പൂന്താനത്തെ തേടി വന്ന ഭഗവാന്റെ അരുളിപ്പാട് ഇതായിരുന്നു . ഇനി ഒരു നിമിഷം പോലും പൂന്താനം അവിടെ നിൽക്കേണ്ടതില്ലെന്നും , അദ്ദേഹത്തെ കാണണം എന്ന് തോന്നുമ്പോൾ ഇല്ലത്തെത്തിക്കോളാം എന്നുമാണ് പറഞ്ഞത്. ഇത് കേട്ടയുടൻ തന്നെ പൂന്തനം ഇല്ലത്തേക്ക് മടങ്ങി . ഇല്ലത്തെത്തിയ പൂന്താനം ഭഗവാനെ കണ്ടാൽ മാത്രമേ ജലപാനം കഴിക്കുകയുള്ളൂ എന്നും പറഞ്ഞിരുപ്പായി. കുറച്ചു സമയം കഴിഞ്ഞപ്പോൾ തന്റെ വാമഭാഗത്തായി ഭഗവാൻ ഇരിക്കുന്നതാണ് പൂന്താനം കണ്ടത് .

ഭഗവാനെ കണ്ട സ്ഥലത്തു പൂന്താനം ക്ഷേത്രം പണിയുകയും , മുടങ്ങാതെ പൂജാദികർമ്മങ്ങൾ നടത്തി പോരുകയും ചെയ്തു . കുട്ടികൾ ഇല്ലാതിരുന്ന പൂന്താനത്തിനു ഭഗവാന്റെ കൃപയാൽ സന്താനലഭ്ദി പ്രാപ്തമാവുകയും , ഇക്കാലം കൊണ്ട് തന്നെ പൂന്താനം സംസ്കൃതത്തിൽ കവിതയെഴുതാനുള്ള പ്രാവണ്യം നേടുകയും ചെയ്തു .

പൂന്താനം നമ്പൂതിരിയെ പോലെ ഭഗവാന്റെ അനുഗ്രഹം സിദ്ധിച്ച മറ്റൊരു വ്യക്തി ചരിത്രത്താളുകളിൽ കാണുമോ എന്നുള്ളത് സംശയമാണ് .

Share
Leave a Comment