കുട്ടികളും, കുടുംബവുമായി വീട്ടിൽ ഇരിക്കുമ്പോൾ സ്വാതന്ത്ര്യദിനം പ്രമാണിച്ച് ത്രിവർണ്ണ നിറമുള്ള പുട്ട് ഉണ്ടാക്കിയാലോ,
പുട്ടുപൊടി, പാലക് ഇല അല്ലെങ്കിൽ പച്ച ചീര, കാരറ്റ്, ഉപ്പ്, വെള്ളം എന്നിവയാണ് ത്രിവർണ്ണ പുട്ട് ഉണ്ടാക്കുവാനുള്ള ചേരുവകൾ. ആദ്യം തന്നെ പാലക് ഇല കഴുകി വൃത്തിയാക്കിയ ശേഷം ഒരു മിനിറ്റ് വെള്ളത്തിൽ മുക്കിയെടുക്കുക. ശേഷം പുട്ടുപൊടിയും വേവിച്ച പാലക് ഇലയും ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സിയിൽ പൊടിച്ചെടുക്കുക. മിക്സിയിൽ പൊടിച്ചുകഴിഞ്ഞാൽ ആവശ്യത്തിന് വെള്ളം ചേർത്ത് പുട്ട് പൊടിയുടെ പരുവത്തിൽ നനച്ച് എടുക്കുക. ഇതുപോലെ തന്നെ കാരറ്റും പുട്ടു പൊടിയും ചേർത്ത് മിക്സിയിൽ പൊടിച്ചെടുക്കുക. പൊടിച്ചെടുക്കുന്നതിനോടൊപ്പം തന്നെ വെള്ള നിറത്തിലുള്ള പുട്ടു പൊടിയും നനച്ചു വെയ്ക്കുക.
ഇനി പുട്ടുകുറ്റി നിറയ്ക്കുമ്പോൾ തേങ്ങാ ചിരകിയത് ആദ്യം ഇടുക. ശേഷം പച്ച നിറത്തിലുള്ള പൊടി, വെള്ള നിറത്തിലുള്ള പൊടി, ഓറഞ്ച് നിറത്തിലുള്ള പൊടി എന്നിവ പുട്ടുകുറ്റിയിൽ ഇട്ടു നിറയ്ക്കുക. പൊടി നിറച്ചതിനുശേഷം നന്നായി വേവിച്ചെടുക്കുക. ആവി വരുമ്പോൾ തന്നെ പുട്ടുകുറ്റി മാറ്റുകയും വേണം. അല്ലെങ്കിൽ നിറം മങ്ങി പോകും. അങ്ങനെ സ്വാതന്ത്രദിനത്തിൽ തന്നെ ഓരോരുത്തർക്കും രുചികരമായ, ആരോഗ്യത്തിനു വളരെ നല്ലതായ ത്രിവർണ്ണ പുട്ട് തയാറാക്കാം.
Comments