ഇന്ത്യാ ഗേറ്റിലെ പേരുകളില്‍ 65 % എണ്ണവും മുസ്ലീം പേരുകള്‍ | വസ്തുത എന്ത് | Factory

Published by
Janam Web Desk

സാമൂഹിക മാദ്ധ്യമങ്ങളിൽ അടുത്തിടെയായി പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇത്. ‘ഡൽഹിയിലെ ഇന്ത്യ ഗേറ്റില്‍ 95,300 സ്വാന്തന്ത്ര്യസമര സേനാനികളുടെ പേരുകള്‍ എഴുതിയിട്ടുണ്ട്. അതില്‍ 61,945 എണ്ണം മുസ്ലിം പേരുകളാണ്. 65% മുസ്ലിങ്ങള്‍…’

ഇന്ത്യ ഗേറ്റിന്‍റെ മുകളില്‍ സ്വാതന്ത്രസമര സേനാനികളുടെ 95,300 പേരുകള്‍ എഴുതിയിട്ടുണ്ടോ? അതില്‍ 65% പേരുകള്‍ മുസ്ലിം മത വിഭാഗത്തിൽ നിന്നുള്ളവരുടേതാണോ? ഇതിന്റെ വസ്തുതയാണ് ഫാക്ടറി ഈ അദ്ധ്യായത്തിൽ പരിശോധിക്കുന്നത്.

ആദ്യം തന്നെ പറയട്ടെ, ഈ പോസ്റ്റില്‍ പറയുന്നതു പോലെ ഇന്ത്യാ ഗേറ്റ് സ്വാതന്ത്രസമര സേനാനികള്‍ക്കായി ഉണ്ടാക്കിയ സ്മാരകമല്ല. ഒന്നാം ലോകമഹായുദ്ധത്തിലും അഫ്ഗാൻ യുദ്ധത്തിലും വീരമൃത്യു വരിച്ച സൈനികരുടെ ഓർമ്മ നിലനിർത്തുന്നതിനു വേണ്ടി സ്ഥാപിക്കപ്പെട്ട സ്മാരകമാണ് ഇന്ത്യ ഗേറ്റ്. 1921 ല്‍ ബ്രിട്ടീഷ്‌ സര്‍ക്കാരാണ് ഇത് നിർമ്മിച്ചത്. 1931 ൽ പണിപൂർത്തിയായി തുറന്നു നൽകി. രാജ്‌പഥിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യ ഗേറ്റിന്റെ ആദ്യ പേര് അഖിലേന്ത്യാ യുദ്ധസ്മാരകം എന്നായിരുന്നു.

യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികര്‍ക്കായി സമര്‍പ്പിച്ച ഒരു സ്മാരകമാണെന്ന് ഇതിന്റെ മുകളിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്.

ഇനി ഇതിൽ രേഖപ്പെടുത്തിയിരിക്കുന്ന പേരുകളുടെ കാര്യം പരിശോധിക്കാം…
ഇന്ത്യ ഗേറ്റിന്‍റെ മുകളില്‍ വെറും 13,300 പേരുകൾ മാത്രമാണ് എഴുതിയിരിക്കുന്നത്. ഇത് സ്വാതന്ത്ര്യസമര സേനാനികളുടെ പേരുകളല്ല. മറിച്ച് യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ പേരുകളാണ്. ഈ സൈനികരുടെ പേര് Commonwealth War Graves Commission ന്‍റെ വെബ്സൈറ്റില്‍ ലഭ്യമാണ്. ഇന്ത്യ ഗേറ്റില്‍ പതിച്ച ഈ പേരുകളില്‍ പല മുസ്ലിം പേരുകളുമുണ്ട് പക്ഷെ സൈന്യത്തില്‍ സൈനികരുടെ മതം പരിഗണിക്കാറില്ല. അതിനാല്‍ ഈ പേരുകളുടെ മതം എഴുതിയിട്ടില്ല.

അതായത് ഈ പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന കാര്യങ്ങൾ തെറ്റാണ്‌. ഇന്ത്യ ഗേറ്റിന്‍റെ മുകളില്‍ 95,300 പേരുകള്‍ എഴുതിയിട്ടില്ല പകരം വെറും 13,300 പേരുകള്‍ മാത്രമാണ് എഴുതിയിട്ടുള്ളത്. അതിലും മതത്തിന്‍റെ പേരില്‍ അവരെ വിഭജിച്ചിട്ടില്ല. അതിനാല്‍ വസ്തുത അറിയാതെ പോസ്റ്റ്‌ ഷെയര്‍ ചെയ്യരുത് എന്ന് ഞങ്ങള്‍ അഭ്യർത്ഥിക്കുകയാണ്. ഇത് ഇന്ത്യയാണ് നമ്മൾ ഇന്ത്യക്കാരാണ് നമ്മുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ സ്വാതന്ത്ര്യസമര സേനാനികളെയും നമ്മുടെ അതിർത്തി കാക്കുന്ന സൈനികരെയും ദയവായി മതത്തിന്റെ പേരിൽ വേർതിരിക്കരുത്. ഇതൊരു അഭ്യർത്ഥനയാണ്…

Share
Leave a Comment