ദുര്‍ഘടം പിടിച്ച കര്‍ക്കിടകവും , പ്രളയത്തെക്കുറിച്ചുള്ള ആശങ്കയും കടന്നു ചിങ്ങം ഇങ്ങ് എത്തി. ഇനി ഓണത്തിന് വേണ്ടിയുള്ള കാത്തിരിപ്പാണ്. പണ്ടുള്ളതുപോലെ അത്രയും ഉണര്‍വ്വോടെ ആഘോഷിക്കാന്‍ കഴിയില്ലെങ്കിലും ഓണം എന്നും നമ്മുക്ക് സുഖമുള്ള ഒരു ഓര്‍മ്മയാണ്.
ഓണത്തെ തന്‍റെ പേരിനോട് ചേര്‍ത്ത ഒരു സ്ഥലമുണ്ട് കേരളത്തില്‍ , ‘ഓണാട്ടുകര’. ആലപ്പുഴ ജില്ലയിലെ ഓണാട്ടുകര , ഓണത്തിന്‍റെ നാടായാണ് കണക്കാക്കപ്പെടുന്നത് . കാര്‍ഷികസമൃദ്ധിയാല്‍ പേരുകേട്ട ആ നാടിന് ഒരു കാലത്ത് കേരളത്തെ മുഴുവന്‍ ഓണം ഊട്ടാന്‍ ഉള്ള കെല്‍പ്പുണ്ടായിരുന്നു. കേരളം മഹാബലി ഭരിക്കുകയും , നാട് ഐശ്വര്യത്താല്‍ നിറയുകയും ചെയ്ത സമയത്ത് , ദേവന്‍മാരില്‍ അസൂയ ജനിക്കുകയും അതുമൂലം മഹാവിഷ്ണു വാമനനായി വന്നു എന്നുമാണല്ലോ ഐതിഹ്യം. തന്നെ പാതാളത്തിലേക്ക് ചവിട്ടിതാഴ്‌ത്തുവാന്‍ മഹാബലി വാമനന് മുന്‍പില്‍ ശിരസ് കുനിച്ചത് ഇവിടെ വെച്ചാണെന്നാണ് ഐതിഹ്യം .
മധ്യകേരളത്തിലെ ഒരു നാട്ടു രാജ്യമായിരുന്നു ഓണാട്ടുകര എന്ന ഓടനാട് . പതിനൊന്നാം നൂറ്റാണ്ടിലാണ് ഇത് രൂപം കൊണ്ടതെന്നാണ് കരുതപ്പെടുന്നത് . ഇന്ന് കാണുന്ന മാവേലിക്കരയും കാര്‍ത്തികപ്പള്ളിയും ചെങ്ങന്നൂരും കരുനാഗപ്പള്ളിയും ചേര്‍ന്നതായിരുന്നു അന്നത്തെ ഓണാട്ടുകര.
ആദ്യകാല കാവ്യങ്ങളായ ഉണ്ണിയാടി ചരിതത്തിലും ഉണിനീലി സന്ദേശത്തിലും എല്ലാം ഓടനാടിനെപ്പറ്റി വിവരിക്കുന്നുണ്ട് . നെല്ല് , തെങ്ങ് , വാഴ , ഇഞ്ചി മുതലായവയാണ് പ്രധാന കാര്‍ഷികവിളകള്‍. പണ്ടുകാലം മുതല്‍ക്കെ ഓണാട്ടുകര ഒരു വ്യാപാര കേന്ദ്രം കൂടിയായിരുന്നു. വളക്കൂറുള്ള മണ്ണും സുഭിക്ഷമായ പ്രകൃതി സ്രോതസുകളും അതിനെ സമ്പല്‍സമൃദ്ധിയുള്ള ഒരു നാട്ടുരാജ്യമാക്കി .
കാര്‍ഷികപരമായ വൈവിധ്യം മാത്രമല്ല പ്രശസ്തമായ ഒരു കലാപാരമ്പര്യവും സംസ്കാരവും കൂടിയുണ്ട് ഓണാട്ടുകരയ്‌ക്ക് . സ്വയം പര്യാപ്തതയുടെ , സമൃദ്ധിയുടെ മറ്റൊരു പേരായിരുന്നു ഓണാട്ടുകര . നമ്മള്‍ തന്നെ വിളയിച്ചെടുത്തത് കൊണ്ട് ഒരോണം എന്നാണ് ഇനി സാധ്യമാവുക ?
















Comments