ആഗ്രയെന്നാൽ താജ് മഹൽ മാത്രമാണ് പലരുടെയും മനസിലേക്ക് കടന്നുവരിക. മുംതാസിനോടുള്ള സ്നേഹത്താൽ ഷാജഹാൻ പണിത സ്നേഹ മന്ദിരം. താജ് മഹലുമായി ബന്ധപ്പെട്ട കഥകൾ ചെറിയ കുട്ടികൾക്ക് വരെ അറിയാവുന്നതാണ്. എന്നാൽ ആഗ്രയിലെ മനോഹരമായ പാഞ്ച് മഹലിനെ കുറിച്ച് അറിയുമോ ? താജ് മഹലിന്റെ പ്രൗഢിയിൽ എല്ലാവരും മറന്നുപോയ ഒന്നാണ് ഫത്തേപൂർ സിക്രിയിലെ പാഞ്ച് മഹൽ. അക്ബർ ചക്രവർത്തിയുടെ കാലഘട്ടത്തിലാണ് മഹൽ നിർമ്മിക്കുന്നത്.
കാഴ്ചയിൽ തന്നെ അത്ഭുതം തരുന്ന മഹലിന്റെ നിർമ്മാണവും രൂപവും എല്ലാം ഒന്നിനൊന്ന് മെച്ചം തന്നെ. അഞ്ച് നിലകൾ ഉള്ള ഈ മഹലിന് ഒരുപാട് പ്രത്യേകതകൾ ഉണ്ട്.
ഉല്ലാസപ്പുര
അക്ബർ ചക്രവർത്തിയുടെ പത്നിമാർക്ക് വേണ്ടി നിർമ്മിച്ചിരുന്ന ഒന്നാണ് ഈ ഉല്ലാസപ്പുര. രെഹം അഥവാ സെനാന കോർട്ടേഴ്‌സിനോട് സമീപം സ്ഥിതി ചെയ്യുന്ന ഉല്ലാസപ്പുര പത്നിമാരും അവരുടെ പരിചാരകരും അന്തപ്പുരത്തിലെ മറ്റ് സ്ത്രീകളുമാണ് ഉപയോഗിച്ചിരുന്നത്.
ബുദ്ധ ക്ഷേത്ര മാതൃക
പുരാതന ബുദ്ധ ക്ഷേത്ര മാതൃകയിൽ നിർമ്മിച്ചിരിക്കുന്ന മഹലിന്റെ തൂണുകളെല്ലാം എവിടെ നിന്ന് നോക്കിയാലും കാണാൻ സാധിക്കും. അഞ്ച് നിലകളിലായി നിർമ്മിച്ചിരിക്കുന്ന ഈ മഹൽ തൂണുകളിലാണ് താങ്ങി നിർത്തിയിരിക്കുന്നത്. തൂണുകൾക്കിടയിൽ ജാലികളും കാണാൻ സാധിക്കും. താഴത്തെ നിലയിൽ നിന്ന് മുകളിലേക്ക് തൂണുകളുടെ എണ്ണം എടുക്കുമ്പോൾ 86, 54, 20, 12, 4 എന്നിങ്ങനെയാണ്. കൂടാതെ ഓരോ നിലകളുടെയും വലിപ്പം മുകളിലേക്ക് പോകുമ്പോൾ കുറയുന്നത് കാണാൻ സാധിക്കും.
ഏറ്റവും മുകളിലെ നിലയിൽ നിന്നും നോക്കിയാൽ താഴെ നടക്കുന്ന കാഴ്ചകൾ മനോഹരമായി കാണാൻ സാധിക്കും.
രാവിലെ ഏഴ് മണി മുതൽ വൈകീട്ട് ആറ് മണി വരെയാണ് സന്ദർശന സമയം. വെള്ളിയാഴ്ചകളിൽ ആർക്കും തന്നെ പ്രവേശനം ഇല്ല. ഫത്തേപൂർ സിക്രി റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ അകലെയാണ് ഈ മഹൽ സ്ഥിതി ചെയ്യുന്നത്. ആഗ്രയിലെ മനോഹരമായ കാഴ്ചകൾക്കിടയിൽ പാഞ്ച് മഹലും മറക്കാതിരിക്കുക.
Comments