രാഷ്‌ട്രീയ, നിയമ, സാമ്പത്തിക, ഭരണപരമായ എല്ലാ കാര്യങ്ങളിലും ബിജെപിയുടെ നിലപാട് ആവിഷ്കരിക്കുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള വഴികാട്ടിയായിരുന്നു അരുൺ ജെയ്റ്റ്ലി. അടിയന്തിര ഘട്ടങ്ങളിൽ അദ്ദേഹത്തിന്റെ ഉപദേശങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടായിരുന്നു. ഓഗസ്റ്റ് 24 അരുൺ ജെയ്റ്റ്‌ലിയുടെ ഒന്നാം ചരമവാർഷികമാണ്
1952 ഡിസംബർ 28ന് മഹാരാജ് കിഷൻ ജെയ്റ്റ്ലിയുടെയും രത്തൻ പ്രഭ ജെയ്റ്റ്ലിയുടെയും മകനായി ജനനം. എഴുപതുകളിൽ ഡൽഹി യൂണിവേഴ്‌സിറ്റിയിലെ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ പ്രവർത്തകൻ ആയിരുന്നു. 1974ൽ യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്റെ പ്രസിഡന്റായി. ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കാലഘട്ടത്തിൽ (1975-77) പൗരസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട അവസരത്തിൽ 19 മാസകാലത്തോളം തടങ്കലിൽ ആയിരുന്നു. അമ്പാല ജയിലിലും ദില്ലിയിലെ തീഹാർ ജയിലിലും ആണ് അദ്ദേഹത്തെ പാർപ്പിച്ചത്. പിന്നീട് ദില്ലി എബിവിപിയുടെ പ്രസിഡന്റായും എബിവിപിയുടെ അഖിലേന്ത്യാ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ബിജെപിയുടെ യുവജനവിഭാഗത്തിന്റെ പ്രസിഡന്റ് ആയും സേവനമനുഷ്ഠിച്ചു.
1991ൽ ഭാരതീയ ജനതാ പാർട്ടിയുടെ ദേശീയ നിർവാഹകസമിതി അംഗമായി. തുടർന്ന് വാജ്‌പേയി സർക്കാരിൽ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്തു. 2009ൽ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 2014ൽ നരേന്ദ്രമോദി സർക്കാരിൽ ധനകാര്യ, പ്രതിരോധ വകുപ്പുകളുടെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയായി സ്ഥാനമേൽക്കുകയും ചെയ്തു.സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ കൂടിയായിരുന്നു അരുൺ ജെയ്റ്റ്ലി.
ആരോഗ്യസംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് 2019ലെ ലോക്സഭാ ഇലക്ഷനിൽ നിന്നും വിട്ടുനിന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് അദ്ദേഹത്തെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2019 ആഗസ്റ്റ് 24-)o തിയ്യതി അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു. ഇന്ത്യയിലെ രണ്ടാമത്തെ പരമോന്നത സിവിലിയൻ അവാർഡായ പത്മവിഭൂഷൻ 2020ൽ മരണാനന്തര ബഹുമതിയായി അദ്ദേഹത്തിന് നൽകി.
Comments